മട്ടന്നൂർ റവന്യു ടവറിൽ ഒരു മാസത്തിനകം വിവിധ ഓഫീസുകൾ പ്രവർത്തനമാരംഭിക്കും
1537158
Friday, March 28, 2025 12:53 AM IST
മട്ടന്നൂർ: മട്ടന്നൂർ റവന്യുടവറിൽ ഒരു മാസത്തിനകം വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കും. എട്ടു മാസത്തിനകം അനുവദിച്ച എല്ലാ ഓഫീസുകളുടെയും പ്രവർത്തനം ഇവിടുത്തേക്ക് മാറ്റും. കെ.കെ.ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിലധികമായിട്ടും റവന്യു ടവർ തുറക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നീണ്ടുപോയതാണ് ഓഫീസുകളുടെ പ്രവർത്തനം തുടങ്ങുന്നത് വൈകാൻ ഇടയാക്കിയത്. കെട്ടിടത്തിന്റെ ആകെ വൈദ്യുതീകരണം പൂർത്തിയായിട്ടുണ്ട്. ഓരോ ഓഫീസിന്റെയും വൈദ്യുതീകരണവും ഫർണിഷിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികളും അതത് വകുപ്പുകളാണ് നിർവഹിക്കേണ്ടത്.
എഇഒ ഓഫീസ്, എസ്എസ്എ-ബിആർസി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്,ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസ്, വെക്ടർ കൺട്രോൾ ഓഫീസ്, മൈനർ ഇറിഗേഷൻ ഓഫീസ്, എൽഎ കിൻഫ്ര തുടങ്ങിയ ഓഫീസുകൾക്കാണ് റവന്യുടവറിൽ സ്ഥലം അനുവദിച്ചത്.രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ എംഎൽഎയും യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ അരുൺ കെ.വിജയനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.