വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1537528
Saturday, March 29, 2025 1:56 AM IST
ചെറുപുഴ: അറുപത്തിനാലുകാരിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ ഉണിക്കൂർകാവ് യശോദയെ (64) കമ്പിയും കല്ലും കൊണ്ടു ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി വങ്ങാട്ടെ സനലിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 18ന് യശോദയെ സനലും ഭാര്യയും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് കേസ്. മർദനത്തിൽ പരിക്കേറ്റ യശോദ ആദ്യം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരിക്ക് സാരമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
പ്രതി മുൻകൂർ ജാമ്യ ഹർജിക്കായി ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. അക്രമത്തിനിരയായ ദിവസം തന്നെ യശോദ പോലീസിൽ പരാതി നൽകിയിട്ടും നടപടി നീണ്ടു പോയതായും ആക്ഷേപം ഉയരുന്നുണ്ട്.