പാലത്തുംകടവ്-കരി മേഖലയിലെ സോളാർ വേലി ; അറ്റകുറ്റപ്പണി പൂർത്തിയായില്ല; പ്രതിഷേധവുമായി നാട്ടുകാർ
1537520
Saturday, March 29, 2025 1:56 AM IST
ഇരിട്ടി: വന്യമൃഗ ഭീതിയിൽ സ്വന്തം മണ്ണും വീടും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ടി വന്ന കർഷകർക്ക് പ്രതീക്ഷ നൽകിയ പുതിയ സോളാർ വേലി പ്രഖ്യാപനവും പാലത്തുംകടവു മുതൽ കരി വരെയുള്ള പഴയ വേലിയുടെ അറ്റകുറ്റപ്പണിയെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി.
വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡിഎഫ്ഒ നേരിട്ടെത്തിയായിരുന്നു ഈ ഉറപ്പ് നൽകിയത്. 2024 ജൂൺ 18 നിറഞ്ഞ സദസിന് മുന്നിൽ ഡിഎഫ്ഒ നൽകിയ വാഗാദാനമാണ് ഒരുവർഷത്തോട് അടുത്തിട്ടും കടലാസിൽ ഒതുങ്ങിയത്.
സോളാർ വേലിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ വന്നപ്പോൾ പാലത്തുംകടവ് വികാരി ഫാ. ജോൺ പോൾ പൂവത്താനിക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് മാർച്ച് ഏഴിന് ലഭിച്ച മറുപടിയിൽ പാലത്തുംകടവു മുതൽ കരി വരെയുള്ള അഞ്ചു കിലോമീറ്റർ സോളാർ വേലിയുടെ 2.5 കിലോമീറ്റർ പ്രവർത്തനക്ഷമം ആണെന്നും ബാക്കിവരുന്ന 2.5 കിലോമീറ്റർ ഒരാഴ്ചക്കുള്ളിൽ ചാർജ് ചെയ്യുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കൃഷിയിടങ്ങളിൽ
കാട്ടാന മേയുന്നു
കശുവണ്ടി വിളവെടുപ്പ് കാലമായതോടെ കശുമാവിൻ തോട്ടങ്ങളിൽ കാട്ടാനകൾ തന്പടിച്ചിരിക്കുകയാണ്. ഇവ വലിയ തോതിൽ നാശവും വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാലത്തുംകടവ് മേഖലയിൽ ബാബു നരിമറ്റം, പോളക്കൽ തമ്പി, മോഴയിൽ ഷൈബു, പുരയിടം ജെയ്സൺ, ബിനോയി കുറ്റിയാനി, നിധീഷ് വേളേകാട്ടിൽ, ജോബി കല്ലൂപ്ര, ജോർജുകുട്ടി പല്ലാട്ട് എന്നിവരുടെ കൃഷിയിടത്തിലെത്തിയ കാട്ടാന കശുവണ്ടികൾ പൂണമായും തിന്നു തീർത്തു.
ടെൻഡർ നടപടി
ആരംഭിച്ചില്ല
സോളാർ തൂക്കുവേലി നിർമാണത്തിനായി വനം വകുപ്പിന് ത്രിതല പഞ്ചായത്തുകൾ മാസങ്ങൾക്കു മുന്പേ പണമടിച്ചിട്ടും ബാരാപോൾ കഴിഞ്ഞ് പാലത്തുംകടവുവരെയുള്ള 1.5 കിലോമീറ്റർ സോളാർ തൂക്കുവേലിയുടെ ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
വേലി നിർമാണത്തിൽ വനം വകുപ്പ് അനാസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോപങ്ങൾക്ക് മടിക്കില്ലെന്നും ജനങ്ങൾ പറയുന്നു. ആറളം ഫാമിൽ നിന്ന് തുരത്തുന്ന ആനകൾ ഉൾപ്പെടെ ഇവിടേക്ക് എത്തുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കരി മേഖലയിലെ 2.5 കിലോമീറ്റർ വരുന്ന സോളാർ വേലി തകർന്ന കിടക്കുന്ന ഭാഗത്തുകൂടിയാണ് ആനകൾ കൂട്ടമായി ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത്. അഞ്ചു കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നിർമാണം പൂർത്തിയാക്കിയ ഭാഗങ്ങൾ ചാർജ് ചെയ്യുകയുള്ളൂ എന്നാണ് അധികൃതർ ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ നിർമാണം പൂർത്തിയായ ഭാഗം മാത്രം ചാർജ് ചെയ്തിരിക്കുകയാണ്.
വാർത്തയാകുമെന്നായപ്പോൾ
ഇതുവരെ ഇല്ലാത്ത ആവേശം
"മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പ് പോലും പാലിക്കാൻ വനപാലകർക്ക് കഴിയുന്നില്ല. പത്രമാധ്യമങ്ങളിൽ വാർത്ത വരുമെന്ന് അറിഞ്ഞതോടെ ഇന്നലെ രാവിലെ പത്തംഗ വനപാലക സംഘം തകർന്ന സോളർ വേലി നേരെയാക്കാൻ എത്തിയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും ഡിഎഫ്ഒയുടെയും വാക്കുകൾക്ക് വിലയില്ല. മറിച്ച് വാർത്ത വരുമെന്ന് അറിഞ്ഞതോടെ ഇത്രയും നാളില്ലാത്ത ആവേശമാണ് ഇന്നലെ മുതൽ വനപാലകർ കാട്ടുന്നത്. ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. അവരും ചിലപ്പോൾ പ്രതികരിക്കും. കരി മുതൽ വാണിയപ്പാറ വരെയുള്ള നാലു കിലോമീറ്ററിലെ വനം വകുപ്പിന്റെ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി എടുക്കാൻ വൈകുന്നതാണ് ഈ മേഖലയിലെ തൂക്കുവേലി നിർമാണവും വൈകാനിടയാക്കുന്നത്.'
ഫാ. ജോൺ പോൾ പൂവത്താനി
(പാലത്തുംകടവ് ഇടവക വികാരി)
നിയമം കൈയിലെടുക്കാൻ
കർഷകരെ പ്രേരിപ്പിക്കരുത്
"നിയമം കൈയിലെടുക്കാൻ പാവപ്പെട്ട കർഷകരെ പ്രേരിപ്പിക്കരുത്. 200 അധികം വരുന്ന കുടുംബങ്ങൾ താമസിച്ചിരുന്ന പാലത്തുംകടവ് മേഖലയിൽ ഇപ്പോൾ 100ൽ താഴെ കുടുംബങ്ങൾ മാത്രമാണുള്ളത്. കാട്ടാന ഭീഷണി കാരണമാണ് ഭൂരിപക്ഷമാളുകളും കുടിയിറങ്ങിയത്. ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അവസാന ആയുധം പുറത്തെടുക്കേണ്ടി വരും. ആനകൾ പലതും ഫംഗസ് ബാധിച്ചും മറ്റപകടങ്ങളിലും കൊല്ലപ്പെട്ടെന്നും വന്നേക്കാം. അലംഭാവം തുടർന്നാൽ പാലത്തുംകടവ് കച്ചേരിക്കടവ് മേഖലയിൽ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പത്ര മാധ്യമങ്ങളിലെ വാർത്ത ഭയന്നാണ് ഇന്നലെ പേരിനെങ്കിലും ഇവിടെ അധികൃതർ സന്ദർശിച്ചത്.'
ബിജോയ് പ്ലാത്തോട്ടം,
(പഞ്ചായത്ത് അംഗം)
സോളാർ വേലി മാത്രം പോരാ
സംരക്ഷണവും ഒരുക്കണം
"സോളാർ വേലി നിർമാച്ചാൽ മാത്രം പോരാ സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ തീരുമാനിക്കണം. ജനങ്ങളെ വാഗ്ദാനങ്ങൾ വെറുംവാക്കു നൽകി കബളിപ്പിക്കുന്ന നെറികേടുകൾ മാത്രമാണ് ഇന്ന് സമയബന്ധിതമായി നടപ്പാക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി കഴിഞ്ഞ രണ്ടു വർഷമായി കാടുകയറി നശിക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രദ്ധയിൽപ്പെടുന്ന ഭാഗങ്ങൾ മാത്രം നേരെയാക്കി മറ്റുള്ള ഭാഗം ആന നശിപ്പിച്ച നിലയിലും തുടരുകയാണ്. അടിയന്തരമായി വേലി നേരെയാക്കിയില്ലെങ്കിൽ ജനകീയ സമരം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കും.'
ജിന്റോ കൊച്ചുവീട്ടിൽ
(പ്രദേശവാസി)