വിദ്യാർഥികൾ സ്കൂളും കളിസ്ഥലവും പരിസരവും ശുചീകരിച്ചു
1537164
Friday, March 28, 2025 12:53 AM IST
പയ്യാവൂർ: പൈസക്കരി സെന്റ് മേരിസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞപ്പോൾ സ്കൂളും കളിസ്ഥലവും പരിസരവും ശുചീകരിച്ച് മാതൃകയായി. പരീക്ഷ അവസാനിക്കുന്ന ദിവസം അതിരുവിടുന്ന ആഘോഷം പ്രതീക്ഷിച്ച് ഭയപ്പെട്ടുനിന്ന അധ്യാപകരേയും രക്ഷിതാക്കളേയും അത്ഭുതപ്പെടുത്തി സ്കൂളിനും നാടിനും അഭിമാനമായി മാറുകയായിരുന്നു വിദ്യാർഥികൾ.
സ്കൂളും പരിസരങ്ങളും വൃത്തിയാക്കിയ ശേഷം തണ്ണിമത്തന്റെ മധുരവും നുകർന്നാണ് ഏറെ സന്തോഷപൂർവം തങ്ങളുടെ വിദ്യാലയത്തിലെ ഈ വർഷത്തെ അവസാനദിവസം വിദ്യാർഥികൾ ആഘോഷമാക്കിയത്. സാമൂഹിക സേവനവും പഠനത്തിന്റെ ഭാഗമാണെന്ന് വിദ്യാർഥികൾ മനസിലാക്കിയിട്ടുള്ളതായി സ്കൂൾ മുഖ്യാധ്യാപകൻ സേജൻ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ശുചീകരണത്തിൽ പങ്കെടുത്തു.