ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും എതിരായി; നടുവിൽ പഞ്ചായത്ത് പരാതിക്കാരന് ഫണ്ട് നൽകി
1538190
Monday, March 31, 2025 1:54 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിൽ പാവപ്പെട്ടവന് വീട് അറ്റകുറ്റപ്പണിക്ക് ഫണ്ട് നൽകാത്ത സംഭവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും നടുവിൽ പഞ്ചായത്തിനെതിരായി. ഇതോടെ, പഞ്ചായത്ത് പരാതിക്കാരന് ഫണ്ട് നല്കി. പരാതിക്കാരന് ഫണ്ട് നല്കാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പരാതിക്കാരൻ ഓംബുഡ്സ്മാന് പരാതി നൽകുകയും ഓംബുഡ്സ്മാൻ പരാതിക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ നടുവിൽ പഞ്ചായത്ത് ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും അപ്പീൽ നൽകി. ഈ അപ്പീൽ തള്ളുകയും ഒരു മാസത്തിനുള്ളിൽ പരാതിക്കാരന് തുക നൽകാൻ വിധിക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരേ നടുവിൽ പഞ്ചായത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും പരാതി നൽകിയിരുന്നു. ഇതും തള്ളിയതിനെത്തുടർന്നാണ് കഴിഞ്ഞ 26ന് പരാതിക്കാരനായ അച്യുതന് നടുവിൽ പഞ്ചായത്ത് വീട് അറ്റകുറ്റപ്പണിക്കുള്ള 50,000 രൂപ നൽകിയത്.
നടുവിൽ പഞ്ചായത്തിൽ പതിനാറാം വാർഡിൽ താമസിക്കുന്ന കെ.വി. അച്യുതന് 2017-18 ൽ വീട് അറ്റകുറ്റപ്പണിക്ക് ഗുണഭോക്തൃ ലിസ്റ്റിൽ രണ്ടാം നമ്പറുകാരനായി വാർഡ് ഗ്രാമസഭ ഉൾപ്പെടെ അംഗീകരിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്തുകൊള്ളാൻ പറയുകയും ചെയ്തു. അച്യുതൻ ബാങ്കിൽനിന്ന് ലോണെടുത്ത് വീട് അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്തു. എന്നാൽ,പിന്നീട് അച്യുതനെ മൂന്നാം നമ്പറുകാരനാക്കി മറ്റൊരു വ്യക്തിയെ രണ്ടാം സ്ഥാനത്തേക്ക് പഞ്ചായത്ത് തിരികെ കയറ്റി. ഫലത്തിൽ കെ.വി. അച്യുതന് അറ്റകുറ്റപ്പണിക്കുള്ള തുക കിട്ടാതായി. ഇതാണ് കേസിനാസ്പദമായ സംഭവം.
പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയുടെ വ്യക്തിവൈരാഗ്യമാണ് കോടതിയിലേക്ക് പോകാൻ കാരണമായതെന്ന് അച്യുതൻ ആരോപിക്കുന്നു. തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം ഭാര്യ പുഷ്പലതയെയും നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുന്നതായും പറയുന്നു. ഭാര്യ നടുവിൽ പഞ്ചായത്ത് സാക്ഷരത പ്രേരക ആണ്. കോൺഗ്രസ് ഭരിക്കുന്ന നടുവിൽ പഞ്ചായത്തിലെ ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെംബർ കൂടിയാണ് അച്യുതൻ.