മാടായി കോളജിലെ നിയമന വിവാദം : ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
1537147
Friday, March 28, 2025 12:53 AM IST
കണ്ണൂര്‍: മാടായി കോളജിലെ നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. കോളജിലെ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്ന കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. നിധീഷ്, പഴയങ്ങാടി ചെങ്ങലിലെ ഡി. ഷിജിന് എന്നിവരാണ് അഡ്വ. കെ.എം.സത്യനാഥന് മുഖേന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍, പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി സ്റ്റാഫ് സെലക്ഷന് കമ്മിറ്റി, സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി മാനേജര്‍ തുടങ്ങിയവര്‍ക്കെതിരേയാണ് ഹര്‍ജി. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
കോളജില്‍ മൂന്ന് ഓഫീസ് അറ്റന്‍ഡർമാരുടെയും ഒരു കംപ്യൂട്ടർ അസിസ്റ്റന്റിന്റെയും ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി 2024 ഡിസംബര്‍ ഏഴിന് അഭിമുഖം നടത്തിയിരുന്നു. പരാതിക്കാരനായ നിധീഷ് ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയ ശേഷമാണ് ഭരണസമിതി തസ്തികകള്‍ നിശ്ചയിച്ചതെന്ന് അഭിമുഖത്തിന് ഹാജരായതോടെ ബോധ്യപ്പെട്ടിരുന്നതായി നിധീഷ് നൽകിയ ഹർജിയിൽ പറയുന്നു.
ഇന്റർവ്യു ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിക്ക് നിയമന കാര്യത്തില്‍ നടക്കുന്ന അഴിമതിയെപ്പറ്റി വിവരിച്ചും പരാതി നല്‍കിയിരുന്നു. മാനേജ്മെന്റ് ഭരണസമിതിക്ക് ജോലിക്കായി പണം നൽകിയ ഉദ്യോഗാർഥികളുടെ പേരും ഹർജിയിൽ പറയുന്നുണ്ട്. മാനേജ്മെന്റിന്റെ കള്ളക്കളി തിരിച്ചറിഞ്ഞതോടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സെലക്ഷന് കമ്മിറ്റിയിലെ സര്‍ക്കാര്‍ നോമിനിക്ക് പരാതി നല്‍കിയിരുന്നു. ഇന്റർവ്യു ഫലം വന്നപ്പോൾ തന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ച അതേ ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമനം നൽകിയതെന്ന് പരാതിക്കാരന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.