കിണറിലെ നൈലോൺ കയറും സ്ക്രബും ലിപ്സ്റ്റിക്കും അപകടകരം
1537146
Friday, March 28, 2025 12:53 AM IST
കണ്ണൂർ: നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് വസ്തുക്കളും മനുഷ്യശരീരത്തെ അപകടകരമായി ബാധിക്കുമെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ട്. അടുക്കളയിൽ പാത്രം കഴുകുന്ന സ്ക്രബ്, പ്ലാസ്റ്റിക് കട്ടിംഗ് ബോർഡ്, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക്, കിണറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകൾ, കയർ തുടങ്ങിയ നിരവധി വസ്തുക്കൾ വഴി പ്ലാസ്റ്റിക്കിന്റെ കണങ്ങളായ മൈക്രോ പ്ലാസ്റ്റിക്കുകൾ നേരിട്ട് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷയും, ഡോ. എം.കെ. സതീഷ് കുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്ലാസ്റ്റിക് വസ്തുക്കൾ നദികളിലും കടലിലും കുടുന്നതിനാൽ മത്സ്യങ്ങൾ വഴി മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യരിലെത്തുന്നതായും റിപ്പോർട്ടിലുണ്ട്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും വിദേശ സർവകലാശാലയിലെ വിദഗ്ധരുമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്.
സ്കൂൾ വേനൽ അവധിക്കു മുന്പായി വിദ്യാർഥികൾക്ക് നല്കുന്ന മൈക്രോ പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള കൈപ്പുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. കേരളത്തിലാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇങ്ങനെയൊരു റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ബ്ലോക്ക് പരിധിയിലെ ആശാ വർക്കർമാർ നടത്തിയ ജനകീയ സർവേയിലെ വിവരങ്ങളും കുട്ടികൾക്ക് നല്കുന്ന പഠന റിപ്പോർട്ടിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്.
പഠന റിപ്പോർട്ടിലെ പല വിവരങ്ങളും ഇന്നത്തെ സാഹചര്യത്തിൽ പുറത്തുവിടാൻ പ്രയാസകരമാണെന്ന് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുന്നതിനാണ് ആദ്യഘട്ടം ആകർഷകമായ കൈപ്പുസ്തകം നല്കുന്നതെന്ന് അവർ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗത്തിന് ബദലായി ഉപയോഗിക്കുന്ന വസ്തുക്കൾ നിർമിക്കുന്ന സംരംഭങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ധനസഹായം നല്കുമെന്നും പഠന റിപ്പോർട്ടിലെ സമഗ്ര വിവരങ്ങൾ സർക്കാരിന് മുന്നിലെത്തിക്കുമെന്നും കെ.സി. ജിഷ പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. പ്രസീത, സെക്രട്ടറി സീമ കുഞ്ചാൽ എന്നിവരും പങ്കെടുത്തു.