സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം
1538192
Monday, March 31, 2025 1:54 AM IST
ഇരിട്ടി: മാലിന്യമുക്ത നവകേരള ജനകീയ കാന്പയിന്റെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും പൊതുശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐസക്ക് ജോസഫ്, സീമ സനോജ്, പഞ്ചായത്ത് സെക്രട്ടറി കെ. രാജീവൻ, അസി. സെക്രട്ടറി പി.വി. അഷറഫ്, പി. സജിത തുടങ്ങിയവർ പ്രസംഗിച്ചു.
ആറളം പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ നിർവഹിച്ചു. പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനങ്ങളായ ഹരിതഭവനം, ഹരിത വായനശാലകൾ, ഹരിത വിദ്യാലയം, ഹരിത സുന്ദര ടൗണുകൾ, ഹരിത പൊതുവിടങ്ങൾ എന്നിവയ്ക്കുള്ള അവാർഡ് വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഇ.സി. രാജു പദ്ധതിയുടെ റിപ്പോർട്ട് അവതരണം നടത്തി.
വൈസ് പ്രസിഡന്റ് കെ.ജെ. ജെസി മോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യാകുളം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ.വൈ. മത്തായി, സെക്രട്ടറി ബി.ജി. രഞ്ജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി എം. മനില എന്നിവർ പ്രസംഗിച്ചു.