ചുരമില്ലാ പാത; പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
1537522
Saturday, March 29, 2025 1:56 AM IST
കൊട്ടിയൂർ: കണ്ണൂർ ജില്ലയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയ്ക്കായി ജനപ്രതിനിധി സമിതിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകി. ഇന്നലെ തലപ്പുഴയിൽ വച്ചാണ് ജനപ്രതിനിധി സമിതി കൺവീനറും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ റോയ് നന്പുടാകം, സമിതി ചെയർപഴ്സണും തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റുമായ എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എംപിയെ കണ്ടത്.
അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ റോഡിന്റെ ആവശ്യകത പ്രിയങ്ക ഗാന്ധി എംപിയോട് നിവേദക സംഘം വിശദീകരിച്ചു. ഇരു പഞ്ചായത്തുകളും ചുരമില്ലാ പാതയ്ക്കായി പ്രത്യേകം പ്രത്യേകം നിവേദനവും നൽകി. അടുത്ത മാസം 20ന് ശേഷം എംപിയുമായി നേരിട്ട് ഇതു സംബന്ധിച്ച് ചർച്ച നടത്താമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. റോയ് നമ്പുടാകത്തിനൊപ്പം പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, പി.സി. തോമസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരത് എന്നിവരുമുണ്ടായിരന്നു.