ജിമ്മി ജോർജ് സ്റ്റേഡിയം രണ്ടാംഘട്ട നിർമാണം: വിദഗ്ധ സംഘം പരിശോധന നടത്തി
1537521
Saturday, March 29, 2025 1:56 AM IST
പേരാവൂർ: തൊണ്ടിയിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ടം നിർമാണ സാധ്യത സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധന നടത്തി. കായിക വകുപ്പിലെ എൻജിനിയർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. വോളിബോൾ ഇതിഹാസം ജിമ്മിജോർജിന് ജന്മനാട്ടിൽ സ്മാരകമില്ലാത്തതിനെ കുറിച്ച് സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. അതിനായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കായികമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് വിദഗ്ധസംഘം സന്ദർശനം നടത്തിയത്.
ഒന്നാംഘട്ടമായി 1.75 കോടി രൂപയ്ക്ക് എട്ടുവരി മഡ് ട്രാക്ക്, പവിലിയൻ കെട്ടിടം, ചെയ്ഞ്ച് റൂം, ഫുട്ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക് എന്നിവ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് മുഖേന പൂർത്തീകരിച്ചിരുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. രണ്ടാംഘട്ട പ്രോജക്ടിൽ ഉൾപ്പെട്ട 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ നിർമിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ പിന്നീട് പണികൾ നടന്നില്ല.
സ്പോർട്സ് കേരള ഫൗണ്ടേഷനിലെ ഇലക്ട്രിക്കൽ അസി. എൻജിനിയർ വി.ജെ. വിജയരാജ്, സിവിൽ അസി. എൻജിനിയർ ശ്രീനിധി, പവി ശങ്കൽ എന്നിവർ ഉൾപ്പെട്ട സംഘത്തിനൊപ്പം സണ്ണി ജോസഫ് എംഎൽഎ, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബാബു, രാജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, സ്റ്റാൻലി ജോർജ്, സെബാസ്റ്റ്യൻ ജോർജ് എന്നിവരുമുണ്ടായിരുന്നു.