ബസിൽ കടത്തിയ വെടിയുണ്ടകൾ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
1537150
Friday, March 28, 2025 12:53 AM IST
ഇരിട്ടി: കർണാടകയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന നാടൻ തോക്കിന്റെ 150 വെടിയുണ്ടകൾ പിടികൂടി. യാത്രികനായ ഒരാൾ കസ്റ്റഡിയിൽ. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഉളിക്കൽ മാട്ടറ കാലാങ്കി സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
ബസിന്റെ ബർത്തിൽ ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച ഷോൾഡർ ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ നിലയിൽ മൂന്നു കെയ്സുകളിലായിരുന്നു വെടിയുണ്ടകൾ സൂക്ഷിച്ചത്. എക്സൈസ് സംഘം അറിയിച്ചതിനെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നിർദേശ പ്രകാരം എത്തിയ പോലീസ് യാത്രക്കാരുൾപ്പെടെ ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബസും യാത്രക്കാരെയും ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയെങ്കിലും പോലീസ് യാത്രക്കാരെ ആരെയും പോകാൻ അനുവദിച്ചില്ല.
വൈകുന്നേരം ആറോടെ എം.സി. ബിനീഷിന്റെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കാലാങ്കി സ്വദേശിയെ സംശയത്തെതുടർന്ന് കസ്റ്റഡിയിലെടുത്തത്. ബസിലും വെടിയുണ്ട സൂക്ഷിച്ച ബാഗിലും മണം പിടിച്ച പോലീസ് നായ ഇയാളെ പലതവണ ചുറ്റി നടന്നശേഷം കുരച്ചുചാടിയതാണ് പോലീസിന് സംശയമുണ്ടാകാൻ കാരണം.
ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണൻ, എസ്ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ടി. ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരാ പി. ഷിബു, എം.ബി. മുനീർ, വനിതാ സിഇഒ ഷീജ കവളാൻ എന്നിവരും ഉണ്ടായിരുന്നു.കർണാടകത്തിൽ നിന്നും മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് അതിർത്തിയിൽ എക്സൈസ് വാഹന പരിശോധന കർശനമാക്കിയത്.