മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി
1538088
Sunday, March 30, 2025 7:56 AM IST
കണ്ണൂർ: ഒമ്പതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. സമാധാനത്തിന്റെ സന്ദേശമായ വെള്ളരി പ്രാവുകളെ പറഞ്ഞി ഇന്നലെ വൈകുന്നേരം പൊതുജനങ്ങൾക്ക് ബീച്ച് കവാടം തുറന്നു കൊടുത്തതോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ഏപ്രിൽ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ ഫെസ്റ്റ് തുടരുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുഷ്പോത്സവം, അമ്യൂസ്മെന്റ് പാർക്ക്, പൊതുജനങ്ങൾക്കും കുട്ടികൾക്കും വിവിധ മത്സര പരിപാടികൾ, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്, രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവയും ഉണ്ടാകും. വിവിധ ദിവസങ്ങളിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുക്കും.
മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. ഹരിത കർമസേനയുടെ നേതൃത്വത്തിൽ കടലോര ശുചീകരണം, വിശാലമായ പാർക്കിംഗ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകൾ അറിയിച്ചു. ബീച്ചിൽ മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യം തടയുന്നതിനായി ബോധവത്കരണവും ശക്തമായ പോലീസ് സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ കെ. ശോഭ, എം.വി. ഹാഫിസ്, കെ. രത്ന ബാബു, കുനോത്ത് ബാബു എന്നിവർ പങ്കെടുത്തു.