സിവില്‍ സ്റ്റേഷനെ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു
1537523
Saturday, March 29, 2025 1:56 AM IST
കണ്ണൂർ: കളക്ടറേറ്റും അനുബന്ധ സിവില്‍ സ്റ്റേഷനും ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപനം നിർവഹിച്ചു. മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷനെ ഹരിത ശുചിത്വ മാതൃകാ സ്ഥാപനമായി പ്രഖ്യാപിച്ചത്. 1900 ത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്ന കളക്ടറേറ്റ് മാലിന്യ മുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് നിര്‍വഹിച്ചു. ശുചിത്വമിഷന് ആര്‍പിഇ മോഹനന് ഓഫീസ് പരിശോധനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിതകര്‍മ സേനാംഗങ്ങളായ കെ.വി. റീന, എസ്.വി. സുജിന എന്നിവരെ ആദരിച്ചു.
സിവില്സ്റ്റേഷന് പരിസരത്ത് നടന്ന പരിപാടിയില്‍ എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഹരിതകേരളം മിഷന് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ. വേണുഗോപാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജീവനക്കാര്‍ എന്നിവർ പങ്കെടുത്തു.