ജീപ്പ് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് മാക്കൂട്ടം ഫോറസ്റ്റ് റേഞ്ചർക്ക് ഗുരുതര പരിക്ക്
1537145
Friday, March 28, 2025 12:53 AM IST
ഇരിട്ടി: ജീപ്പ് നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ച് മാക്കൂട്ടം റേഞ്ച് ഓഫീസർ മാദവ് ദെഡഗുടുകിക്ക് (36) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെ കൂട്ടുപുഴയ്ക്കടുത്ത വളവുപാറയിലായിരുന്നു അപകടം. വള്ളിത്തോട് നിന്ന് കൂട്ടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വാഹനത്തിൽ കുടുങ്ങിയ റേഞ്ചറെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ലോറിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
റേഞ്ചർ വള്ളിത്തോടുള്ള ജിമ്മിലെ പരിശീലനത്തിനുശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. റേഞ്ചർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട വാഹനം ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.
പോലീസും ഫയർഫോഴ്സും ചേർന്ന് വാഹനം റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിലിടിച്ച് മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു.