കൊട്ടിയൂരിൽ കാട്ടാന കൃഷി നശിപ്പിച്ചു
1537152
Friday, March 28, 2025 12:53 AM IST
അമ്പായത്തോട്: കൊട്ടിയൂർ പഞ്ചായത്തിൽ വീണ്ടും വൈദ്യുത വേലി തകര്‍ത്ത് എത്തിയ കാട്ടാന മലയോര ഹൈവേക്ക് സമീപത്തെ കൃഷിയിടത്തിലെ തീറ്റ പുല്ല് നശിപ്പിച്ചു. നമ്പുടാകം ജോസിന്റെ കൃഷിയിടത്തില്‍ ആലനാല്‍ ഷാജി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത പുല്ലാണ് കാട്ടാന നശിപ്പിച്ചത്.
ബുധനാഴ്ച രാത്രിയാണ് കാട്ടാന കൃഷിയിടത്തില്‍ എത്തിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെയും മണത്തണ സെക്ഷനിലെയും ജീവനക്കാര്‍ ചേര്‍ന്ന് കാട്ടാനയെ തുരത്തി. കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജീവ് കുമാര്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ പരിശോധന നടത്തി. തകര്‍ന്ന വൈദ്യുതി വേലി പുനഃസ്ഥാപിച്ചിട്ടുണ്ട്. രാത്രി പട്രോളിംഗ് നടത്തുമെന്ന് വനപാലകര്‍ അറിയിച്ചു.