ദീപിക അക്ഷരവെളിച്ചത്തിലൂടെ നാടിനെ നന്മയിലേക്ക് നയിച്ച മഹാപ്രസ്ഥാനം: കെ. സുധാകരൻ
1538094
Sunday, March 30, 2025 7:56 AM IST
ആലക്കോട്: അക്ഷരവെളിച്ചത്തിലൂടെ നാടിനെ നന്മയിലേക്ക് തെളിച്ച മഹാപ്രസ്ഥാനമാണ് ദീപികയെന്ന് കെ.സുധാകരൻ എംപി. എന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ ദീപിക മുൻപന്തിയിലുണ്ടായിരുന്നുവെന്നും എംപി പറഞ്ഞു.
ആലക്കോട് നടുപ്പറമ്പിൽ കൺവൻഷൻ സെന്ററിൽ ദീപികയുടെ 138-ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന ദീപിക ഐക്കൺസ് ഓഫ് സക്സസ് അവാർഡ് വിതരണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു കെ.സുധാകരൻ എംപി.ഒരു കാലഘട്ടത്തിൽ എഴുത്തും വായനയും അറിയാത്തവർക്കു വേണ്ടി അവരുടെ ശബ്ദമായി ഉയരാൻ ദീപികയ്ക്ക് കഴിഞ്ഞു.
ഒപ്പം അയിത്തത്തിനും അനാചാരത്തിനും എതിരേ തിരുത്തൽ ശക്തിയായി മാറി. അവർണനും സവർണനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ദീപികയ്ക്കായി. യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിൽ ദീപിക വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണ്. രാഷ്ട്രീയ താത്പര്യവും വ്യക്തിപരമായ താത്പര്യവും നോക്കാതെ സത്യത്തിനും നീതിക്കു വേണ്ടി നിലകൊണ്ട പത്രമാണ് ദീപിക. ചരിത്രത്തോടൊപ്പം നടക്കാനും ചരിത്രത്തിന്റെ ഭാഗമാകാനും മലയാളത്തിൽ ഗൗരവമായ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച ദീപികയ്ക്ക് സാധിച്ചു.
ജനങ്ങൾ അറിയാതെ പോകുന്ന അനീതിയും അധർമങ്ങളും ജനമനസിലെത്തിക്കാൻ ദീപികയ്ക്ക് കഴിഞ്ഞു. ഇനിയും എന്നും ജീവിക്കുന്ന പ്രകാശമായി മാറാൻ ദീപികയ്ക്ക് കഴിയട്ടെയെന്നും എംപി ആശംസിച്ചു.