സാമൂഹ്യനീതി ഉറപ്പാക്കൽ ഭരണാധികാരികളുടെ ഉത്തരവാദിത്വം: ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി
1538188
Monday, March 31, 2025 1:54 AM IST
കണ്ണൂർ: സാമൂഹ്യ നീതിയിലൂടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ്വരുത്താനാകുകയുള്ളൂവെന്നും ഇത് ഭരണാധികാരികളുടെ പ്രഥമ ഉത്തരവാദിത്തമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) 53-ാം സ്ഥാപകദിനത്തിന്റെ കണ്ണൂർ രൂപതാതല ആഘോഷം കണ്ണൂർ ബർണശേരി ഹോളിട്രിനിറ്റി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഹായമെത്രാൻ ഡോ. ഡെന്നിസ് കുറപ്പശേരി.
സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടിലേക്ക് എത്തിനിൽക്കുന്ന രാജ്യം ഏതളവു വരെ സാമൂഹിക നീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയാറാകണം. ന്യൂനപക്ഷ വിദ്യാർഥികൾക്ക് കാലങ്ങളായി നൽകിക്കൊണ്ടിരുന്ന സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണം. ലഹരിവിരുദ്ധ പ്രവർത്തനം തലമുറകൾക്കുവേണ്ടിയുള്ള മഹത്തായ ശുശ്രൂഷയാണെന്നും അതിനായി സമൂഹം ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതയിലുടനീളം ലഹരി വിരുദ്ധ മുന്നേറ്റ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. ജോയ് പൈനാടത്ത്, ശ്രീജൻ ഫ്രാൻസിസ്, ജോൺ ബാബു, ജോയ്സ് മേനേസസ്, ഷിബു ഫെർണാണ്ടസ്, റിനേഷ് ആന്റണി, ഫ്രാൻസിസ് അലക്സ്, ഫിലോമിന കുന്നോത്ത്, കെ.എച്ച്. ജോൺ, റീജ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ കെഎൽസിഎ യൂണിറ്റ് ഇടവകകളിലും പതാക ഉയർത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.