ഭർത്താവിന്റെ കുത്തേറ്റ് യുവതിക്ക് ഗുരുതരം
1537071
Thursday, March 27, 2025 7:37 AM IST
എടക്കാട്: മുഴപ്പിലങ്ങാട്ട് ഭർത്താവ് കത്തികൊണ്ട് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ചിൽഡ്രൻസ് പാർക്കിന് സമീപം പാച്ചാക്കര വീട്ടിൽ സഫീനയെ (38) ആണ് ഭർത്താവ് സുബൈർ (49) കുത്തി പരിക്കേൽപ്പിച്ചത്. വൃക്കയ്ക്ക് സാരമായി പരിക്കേറ്റ സഫീനയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുബൈറിനെ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽനിന്ന് നിലവിളിച്ച് ഓടിയ സഫീനയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലശേരിയിലെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദന്പതികൾക്ക് മൂന്ന് മക്കളുണ്ട്. ആദ്യഭാര്യ മരിച്ചതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളിയായ സുബൈർ ഇരിട്ടി സ്വദേശിനിയായ സഫീനയെ വിവാഹം കഴിച്ചത്. സുബൈർ മദ്യപിച്ച് വന്ന് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു.