ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
1538191
Monday, March 31, 2025 1:54 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട ഉടൻ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി എട്ടോടെ വായാന്തോടായിരുന്നു സംഭവം. ദുബായിയിൽനിന്ന് എത്തിയ അമ്മാനപ്പാറ സ്വദേശികളായ ഷെഫീഖ്, ഷെഫീന എന്നിവരും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. രണ്ടു കുട്ടികളടക്കം അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് കാർ നിർത്തി യാത്രക്കാർ ഇറങ്ങിയ ഉടൻ മുൻ വശത്ത് തീ ആളിപ്പടരുകയായിരുന്നു. ഉടൻ മട്ടന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. കാറിനുള്ളിലേക്ക് തീ പടരുന്നതിനു മുന്പ് കെടുത്താനായി. ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.