പയ്യാവൂർ ഇനി മാലിന്യമുക്ത പഞ്ചായത്ത്
1538078
Sunday, March 30, 2025 7:47 AM IST
പയ്യാവൂർ: മാർച്ച് 30ന് കേരളം മാലിന്യമുക്ത നവകേരളമായി മാറ്റപ്പെടുന്നതിന്റെ ഭാഗമായി പയ്യാവൂർ പഞ്ചായത്തിനെ മാലിന്യമുക്ത നവ പയ്യാവൂർ ആയി പ്രഖ്യാപിച്ചു. പയ്യാവൂർ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി പ്രഖ്യാപനം നടത്തി. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ആമുഖ പ്രഭാഷണം നടത്തി.
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ എസ്പിസി കേഡറ്റുകൾ ഉൾപ്പെടെ പങ്കെടുത്ത ലഹരി മുക്തി ബോധവത്കരണ റാലിയും നടത്തി. പയ്യാവൂർ പോലീസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി റാലി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരക്കൊല്ലി ടൂറിസം കേന്ദ്രം ഉൾപ്പെടെ സുശക്തമായ നിരീക്ഷണം നടത്തി പോരായ്മകൾ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ എന്നിവർ അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മോഹനൻ, ആനീസ് നെട്ടനാനിയ്ക്കൽ, സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് തുരുത്തേൽ, പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി എന്നിവർ പ്രസംഗിച്ചു.
ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ ശുചിത്വ അവലോകനം നടത്തി. കെ.ടി. അനിൽകുമാർ ജിൽസൺ കണികത്തോട്ടം, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, പ്രഭാവതി മോഹൻ, രജനി സുന്ദരൻ, വിഇഒ ഷെഫീഖ്, പഞ്ചായത്ത് സെക്രട്ടറി ഇ.വി.ബിജു, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസ് എന്നിവർ നേതൃത്വം നൽകി.