മാവുള്ളപൊയിൽ വിസിബി യാഥാർഥ്യമായി
1537530
Saturday, March 29, 2025 1:56 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ വാർഡ് 10, 11ൽ ഉൾപ്പെടുന്ന മാവുള്ളപൊയിൽ പുഴയ്ക്ക് കുറുകെയുള്ള ഡാം എന്നത് നാടിന്റെ വലിയ സ്വപ്നം തന്നെയായിരുന്നു. ആ സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണു നാട്ടുകാർ. കഴിഞ്ഞവർഷം പണി പൂർത്തിയായെങ്കിലും ഈ വർഷമാണ് ഡാമിന് ഷട്ടറുകൾ ഇട്ട് വെള്ളം തടഞ്ഞു നിർത്താൻ സാധിച്ചത്.
മാവുള്ളപൊയിൽ മുതൽ വെള്ളക്കാട് ഡാം വരെയുള്ള ഭാഗത്ത് ജലം തടഞ്ഞുനിർത്തി സംരക്ഷിക്കാൻ തടയണ കൊണ്ട് സാധിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയരുകയും ചെയ്യും. കൃഷിക്കാർക്ക് വലിയ അനുഗ്രഹമാണ് ഈ വിസിബി. പാർശ്വഭിത്തികൾ കെട്ടിയും ഏഴു തൂണുകൾ കോൺക്രീറ്റ് ചെയ്തുമാണ് പുഴയുടെ വീതിയുള്ള ഈ ഭാഗത്ത് തടയണ ഒരുക്കിയിട്ടുള്ളത്.
എരമം-കുറ്റൂർ പഞ്ചായത്തിൽ മൈനർ ഇറിഗേഷൻ വകുപ്പ് നിർമിച്ച മാവുള്ളപൊയിൽ വിസിബിയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എംഎൽഎ നിർവഹിച്ചു. 98 ലക്ഷം രൂപ ചെലവിലാണു തെന്നം പുഴയ്ക്ക് കുറുകെ മാവുള്ളപൊയിലിൽ വിസിബി നിർമിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നോബിൾ റിപ്പോർട്ട് അവതരിപ്പിച്ചു. സുഷമ വത്സൻ, അന്നക്കുട്ടി ബെന്നി, കെ.സി. രാജൻ, ടി.വി. അനീഷ്, കെ. ബാബു, ഇല്ലിക്കൽ ജയിംസ്, എം.കെ. മുസ്തഫ ഹാജി, പി. ശ്രീധരൻ, എ.വി. നാരായണൻ, എം. കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.