ആറളം ഫാമിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കണം: നിരീക്ഷണ സമിതി
1537526
Saturday, March 29, 2025 1:56 AM IST
ഇരിട്ടി: കാട്ടാന ഭീഷണി നിലനില്ക്കുന്ന ആറളം ഫാം പുരനധിവാസ മേഖലയിലെ ആൾ താമസമില്ലാത ഭൂമിയിലെ അടിക്കാടുകൾ വെട്ടിതെളിക്കാൻ കൂടുതൽ പണം അനുവദിക്കണമെന്ന് ആറളം ഫാം നിരീക്ഷണ സമിതി യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പുനരധിവാസ മേഖലയിലെ കാട്ടാന ഭീഷണിയുമായി ബന്ധപ്പെട്ടും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും പരിശോധിക്കുന്നതിന് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ മേധാവികളും ഉൾപ്പെട്ട നിരീക്ഷണ സമിതി രണ്ടാഴ്ചയ്ക്കിടെ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന മന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നിരീക്ഷണ സമിതി യോഗം ചേർന്നത്.
മേഖലയിലെ 35 ഏക്കറോളം പ്രദേശത്തെ അടിക്കാടുകൾ വെട്ടിതെളിച്ചിട്ടുണ്ട്. ഇതിനായി രണ്ട് ലക്ഷത്തിലധികം രൂപ ചെലവായതായി ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. കാട്ടാനകൾ താവളമാക്കാൻ ഇടയുള്ള കൂടുതൽ പ്രദേശത്തെ അടിക്കാടുകൾ വെട്ടുന്നതിന് ആവശ്യമായ പണം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും ലഭ്യമാക്കണമെന്ന് യോഗം കളക്ടറോട് ആവശ്യപ്പെട്ടു.
ആൾ താമസമില്ലാത്ത് സ്ഥലത്തെ ഉണങ്ങിക്കിടക്കുന്ന അടിക്കാടുൾ നിയന്ത്രണ വിധേയമായി കത്തിക്കും. ഇതിന് ആദിവാസി പുനരധിവാസ മിഷനെ ചുമതലപ്പെടുത്തും. പോലീസും അഗ്നിരക്ഷാ സേനയും ഇതുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമാക്കണം.
അനെർട്ട് നിർമിക്കുന്ന തൂക്കി വേലിയുടെ നിർമാണത്തിനായി 20 മീറ്ററോളം വീതിയിൽ കാടുകൾ വെട്ടിത്തെളിക്കും. ഇപ്പോൾ കാട് വെട്ടിന് നിയോഗിച്ചിരിക്കുന്ന 50 തോളം തൊഴിലാളികളെ ഇതിലേക്ക് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ആദിവാസി പുരധിവാസ മിഷൻ ചെയ്യണം. ടിആർഡിഎം സൈറ്റ്മാനേജർ നിർബന്ധമായും യോഗങ്ങളിൽ പങ്കെടുക്കണമെന്നും നിർദേശിച്ചു
യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം മിനിദിനേശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റർ പി. സുനിൽകുമാർ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, വിവിധ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൃഷിയിടത്തിലെ ആനകളെ തുരത്തും
ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ ഏപ്രിൽ രണ്ടു മുതൽ ആരംഭിക്കും. ആനകളെ തുരത്തുന്ന സമയങ്ങളിൽ ആനമതിലിന്റെ നിർമാണം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണം കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് ഒരുക്കണം.
തുരത്തുന്ന ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ കളക്ടറോട് ശിപാർശ ചെയ്യും. ആനകളെ തുരത്തുന്ന കാര്യം മൈക്ക് അനൗൺസ്മെന്റ് നടത്തി ജനങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും നടപടികൾ തുടങ്ങുക.
റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനമതിൽ നിർമാണം പൂർത്തിയാകുന്നതു വരെ ആദിവാസി പുരനധിവാസ മിഷന്റെ ജീപ്പ് വനം വകുപ്പിന് ഉപയോഗിക്കാൻ അനുമതി നൽകാൻ ഡിആർഡിഎമ്മിനോട് നിർദേശിച്ചിട്ടുണ്ട്.