അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മകന് എട്ടുവര്‍ഷം തടവ്
1537148
Friday, March 28, 2025 12:53 AM IST
കാസർഗോഡ്: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകനെ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ പിഴയുമടക്കണം. മാലോം അതിരുമാവ് കോളനിയിലെ പാപ്പിനിവീട്ടില്‍ ദാമോദരനെ( 62) കൊലപ്പെടുത്തിയ കേസില്‍ മകന് അനീഷിനെ (36) യാണ് ശിക്ഷിച്ചത്. കേസില്‍ ദൃക്സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരന്റെ ഭാര്യ രാധാമണി, മറ്റു മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും മൊഴി മാറ്റിപ്പറഞ്ഞിട്ടും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന് ജഡ്ജ് എ. മനോജ് ആണ് വിധി പറഞ്ഞത്. 2019 ജൂണ്‍ 28നു രാത്രി 11.45 നാണ് കൊലപാതകം നടന്നത്. സംഭവദിവസം മദ്യവും വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തുനിന്നും സ്വന്തം വീട്ടിലെത്തിയ പ്രതിയും അച്ഛനും മദ്യപിച്ച് വഴക്കുണ്ടായി.
ദാമോദരന്‍ ഭാര്യ രാധാമണിയെ വാക്കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചു. കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അനീഷിന് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അനീഷ് വിറക് ഷെഡില്‍നിന്ന് വിറകെടുത്ത് ദാമോദരന്റെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചോര വാര്‍ന്ന് ദാമോദരന്‍ മരിക്കുകയായിരുന്നു.
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയില്‍ പ്രതിയുടെ കൈക്കേറ്റ മുറിവും ദാമോദരന്റെ വസ്ത്രത്തില്‍നിന്നും മറ്റു തൊണ്ടിമുതലുകളില്നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിന്റെ സാന്നിധ്യവും കേസില്‍ നിര്‍ണായക തെളിവായി. പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷം ഹാജരാക്കിയ മജിസ്ട്രേറ്റിനെയും പ്രോസിക്യൂഷന് സാക്ഷിയായി വിസ്തരിച്ചിരുന്നു.
കേസില്‍ പ്രോസിക്യൂഷന് 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാല്‍ എസ്ഐ കെ.പി.വിനോദ് കുമാറാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലോഹിതാക്ഷന്, അഡ്വ. ആതിര ബാലന് എന്നിവര്‍ ഹാജരായി.