ആറളം ഫാമിലെ വിരമിച്ച തൊഴിലാളികൾ ഫാം അക്കൗണ്ട് ഓഫീസറെ ഉപരോധിച്ചു
1537157
Friday, March 28, 2025 12:53 AM IST
ഇരിട്ടി: ആറളം ഫാമിലെ വിരമിച്ച തൊഴിലാളികൾ ഫാം അക്കൗണ്ട് ഓഫീസറെ ഉപരോധിച്ചു. തൊഴിലാളികളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ച പിഎഫ് ഫണ്ട് തുക അടക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. 2021 ഓഗസ്റ്റ് മാസം മുതൽ 2025 ഫെബ്രുവരി മാസം വരെ ഉള്ള കാലയളവിൽ ആറളം ഫാമിൽ നിന്ന് വിരമിച്ച തൊഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്ന് പി എഫിലേക്ക് അടയ്ക്കേണ്ടുന്ന തുക പിടിച്ചിരുന്നു.
എന്നാൽ തുക മാനേജ്മെന്റ് പിഎഫിലേക്ക് അടയ്ക്കാത്തതിനെ തുടർന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്ക് പിഎഫിൽ നിന്ന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് അകൗണ്ട് ഓഫീസറെ ഉപരോധിച്ചത്. വിരമിച്ച തൊഴിലാളികൾ പലതവണ മാനേജ്മെന്റുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതുവരെയായി പ്രശ്നത്തിന് പരിഹാരം കാണാത്തതിന്റെ അടിസ്ഥാനത്തിൽ 13 വിരമിച്ച തൊഴിലാളികൾ ഇന്നലെ ഫാമിന്റെ മെയിൻ ഓഫീസിൽ എത്തുകയായിരുന്നു. അധികൃതർ വ്യക്തമായ ഉത്തരം നല്കാതെവന്നതോടെ പ്രകോപിതരായ തൊഴിലാളികൾ അക്കൗണ്ട് ഓഫീസറെ ഉപരോധിക്കുകയായിരുന്നു.
പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എത്തി തൊഴിലാളികളുമായി ചർച്ച നടത്തി. ഒന്നാം തിയതി പ്രശ്നം പരിഹരിക്കും എന്ന് എംഡി (സബ് കളക്ടർ ) ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. തൊഴിലാളികളായ റോസമ്മ തോട്ടത്തിൽ, ഔസേപ്പച്ചൻ , രാധാകൃഷ്ണൻ , തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .