കരുവഞ്ചാൽ ടൗണിൽ കക്കൂസ് മാലിന്യം പുഴയിലേക്ക്
1538181
Monday, March 31, 2025 1:54 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ ടൗണിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് സെപ്റ്റിക്ക് ടാങ്ക് കവിഞ്ഞൊഴുകി മലിനജലം പുഴയിലേക്ക് ഒഴുകുന്നതായി പരാതി. നിരവധി തവണ പഞ്ചായത്ത് മെംബർ ഉൾപ്പെടെ അധികാരികൾ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പിഴ അടപ്പിച്ചിട്ടും ശാശ്വത പരിഹാരം കാണാൻ കെട്ടിട ഉടമ തയാറായിട്ടില്ല. കരുവഞ്ചാൽ മേഖലയിൽ നൂറുകണക്കിന് കെട്ടിടങ്ങൾ നിർമിക്കുന്ന ഒരു നിർമാണ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുകുന്നത്.
ഈ സ്ഥാപനത്തിനെതിരേ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് എൻവയോൺമെന്റ് മിഷൻ (എൻഎച്ച്ആർഇഎം) ആലക്കോട് മേഖലാ കമ്മിറ്റി പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു. ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുന്ന നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാൽ ടൗണിൽ തന്നെ ഇത്തരത്തിൽ പുഴ മലിനീകരിക്കുന്നത് ലാഘവത്തോടെ കാണാനാകില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണാതെ നീരൊഴുക്കുകളിലേക്ക് മലിനജലം ഒഴുക്കാനാണ് ശ്രമമെങ്കിൽ ഗ്രീൻ ട്രൈബൂണൽ അടക്കം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് നടുവിൽ പഞ്ചായത്ത് സെക്രട്ടറിക്കും ശുചിത്വ കേരള മിഷനും പരാതി നൽകാൻ യോഗം തീരുമാനമെടുത്തു. യോഗത്തിൽ ജയ്സൺ ഡൊമിനിക് അധ്യക്ഷത വഹിച്ചു. മോഹൻദാസ് കെ. മേനോൻ, ബിജു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.