തളിപ്പറമ്പ് മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു
1537529
Saturday, March 29, 2025 1:56 AM IST
തളിപ്പറന്പ്: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ പട്ടയ അസംബ്ലി നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ എം.വി ഗോവിന്ദന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
അര്‍ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏറ്റവും താഴേക്കിടയിലുള്ളവരുടേത് അടക്കം എല്ലാവരുടെയും പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സ്ഥിരം സംവിധാനമായാണ് പട്ടയ അസംബ്ലിയെ കാണുന്നതെന്ന് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് മെംബര്‍മാര്‍ അവരവരുടെ വാര്‍ഡ് പരിധിയില്‍ നിന്ന് ഉയര്‍ന്നുവന്ന പട്ടയ പ്രശ്നങ്ങള്‍ അസംബ്ലിയില്‍ ഉന്നയിച്ചു.
കഴിഞ്ഞ തവണ നടന്ന പട്ടയ അസംബ്ലിയില്‍ ഉന്നയിച്ച പട്ടയ പ്രശ്നങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ, ആര്‍ഡിഒ ടി.വി. രഞ്ജിത്ത്, തഹസില്‍ദാര്‍ പി. സജീവന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.