പത്താം ക്ലാസുകാർക്ക് പൂർവവിദ്യാർഥികളുടെ യാത്രയയപ്പ്
1537049
Thursday, March 27, 2025 7:19 AM IST
ചെമ്പേരി: ചെമ്പേരി നിർമല ഹൈസ്കൂളിലെ 1975 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളായിരുന്നവരുടെ കൂട്ടായ്മ "തിരികെ' ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി."ഗാന്ധിസമാകട്ടെ പുതിയ തലമുറയുടെ ലഹരി' എന്ന സന്ദേശമാണ് പഴയ സഹപാഠികൾ പുതിയ ബാച്ചിലെ വിദ്യാർഥികൾക്കു നൽകിയത്. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ എബി എൻ. ജോസഫ് വരച്ച ഗാന്ധിജിയുടെ ചിത്രവും സ്കൂളിനു കൈമാറി.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ഡി. സജീവ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.ജെ. ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സാനിയ അനു സാബു വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാർഥികൾക്ക് മധുരവും നൽകി. വിനോദ് അഗസ്റ്റിൻ, സിബി കുഴിവേലിപ്പുറം, ഡി.പി. ജോസ് , ദേവസ്യ ആന്റണി ഇടിമണ്ണിയ്ക്കൽ, ബേബി ജേക്കബ് വാഴക്കാമല, ഏബ്രഹാം മാത്യു, ചെമ്പേരി നിർമല ആഗോള കൂട്ടായ്മയുടെ മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ പയസ് ചാലിൽ എന്നിവർ പ്രസംഗിച്ചു. മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേഷന്റെ "ചാലിലച്ചൻ മലബാറിന്റെ കർമയോഗി' എന്ന പുസ്തകവും സ്കൂളിനു കൈമാറി.