വാഹനങ്ങൾക്ക് പിഴ; വ്യാപാരികൾ നിവേദനം നൽകി
1536484
Wednesday, March 26, 2025 1:07 AM IST
ചെറുപുഴ: ചെറുപുഴ ടൗണിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകളിൽ നിന്ന് ഹോം ഗാർഡുകൾ വ്യാപകമായി പിഴ ഈടാക്കുകയാണെന്നും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടന പോലീസിൽ നിവേദനം നൽകി.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചെറുപുഴ എസ്എച്ച്ഒ സുനിൽ ഗോപിക്കാണ് നിവേദനം നൽകിയത്.
രണ്ടു വർഷം മുന്പ് പഞ്ചായത്ത് ഭരണസമിതിയും ടൗണിലെ വ്യാപാരികളും മറ്റു വിവിധ സംഘടനകളും പോലീസും ചേർന്നെടുത്ത തീരുമാനപ്രകാരം റോഡിന്റെ ഇരുവശങ്ങളിലുമായി പരമാവധി അരമണിക്കൂർ വരെ പാർക്ക് ചെയ്യാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് പിഴ ചുമത്തുന്നത്.
പാർക്കിംഗ് നിരോധിച്ച സ്ഥലങ്ങളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും കൂടുതൽ സമയം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ അതാതിടങ്ങളിലെ വ്യാപാരികൾ പോലീസ് സ്റ്റേഷനിലോ ഹോം ഗാർഡുകളെയോ വിളിച്ച് അറിയിക്കാനും എസ്എച്ച്ഒ നിർദേശിച്ചു.വാഹനങ്ങളിൽ വരുന്നവരോട് സൗഹൃദപരമായി പെരുമാറാൻ ഹോം ഗാർഡുകൾക്കും നിർദേശം നൽകി. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.വി. ധനഞ്ജയൻ, യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയൻ, സെക്രട്ടറി കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.