അഴിമതി അന്വേഷിക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റീസ് വിശദീകരണം തേടി
1536483
Wednesday, March 26, 2025 1:06 AM IST
പയ്യന്നൂർ: പയ്യന്നൂർ കോടതി സമുച്ചയ നിർമാണത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ഹർജി സംബന്ധിച്ച് ചീഫ് ജസ്റ്റീസ് നിധിൻ ജംദാർ അധ്യക്ഷനായ ബഞ്ച് സംസ്ഥാന അറ്റോർണിയോട് മറുപടി ആവശ്യപ്പെട്ടു.
പയ്യന്നൂർ ബാർ അസോസിയേഷൻ അംഗവും പയ്യന്നൂർ കോടതി കോംപ്ലക്സ് പ്രൊട്ടക്ഷൻ ഫോറം ചെയർമാനുമായ പ്രഭാകരൻ അഡ്വ. ടി.വി.ജയകുമാർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാരിനുള്ള ധനസഹായം ലഭിച്ച ശേഷം കേന്ദ്ര സർക്കാരിനെ അറിയിക്കാതെ പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ വലുപ്പം കുറച്ചുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യഥാർഥ എസ്റ്റിമേറ്റിൽ 84 ലക്ഷം രൂപ ചെലവിലുള്ള രണ്ട് ലിഫ്റ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ ലിഫ്റ്റുകൾ ഒഴിവാക്കി ഫണ്ട് ദുരുപയോഗം ചെയ്തതായും പറയുന്നു.
ലിഫ്റ്റും അഗ്നിശമന സംവിധാനങ്ങളും ഇല്ലാത്തതിനാൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പും കരാറുകാരും ചേർന്നുള്ള ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.