എടൂരിൽ 1500 തിരുശേഷിപ്പുകളുടെ പ്രദർശനവും വണക്കവും തുടങ്ങി
1536478
Wednesday, March 26, 2025 1:06 AM IST
ഇരിട്ടി: എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ സ്വർഗം ഒരു കുടക്കീഴിൽ പ്രദർശനവും വണക്കവും തുടങ്ങി. കത്തോലിക്കാ സഭയിലെ 1500 ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങാനുള്ള അവസരമാണ് ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, അൽഫോൻസ് ഭവൻ സുപ്പീരിയർ ഫാ. സിജോ തളിയത്ത് എന്നിവർ സഹകാർമികരായിരുന്നു. തിരുശേഷിപ്പുകളുടെ പ്രദർശനം ഇന്ന് രാത്രി 7.30 ന് സമാപിക്കും.
ആദ്യ നൂറ്റാണ്ട് മുതൽ അടുത്തുകാലത്തു വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടവരുടെ വരെയുള്ള തിരുശേഷിപ്പുകളാണ് പ്രദർശനത്തിനും വണക്കത്തിനുമായി ഒരുക്കിയിട്ടുള്ളത്. വിശ്വാസത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത രക്തസാക്ഷികളുടെയും കറകളഞ്ഞ വിശ്വാസ ജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെ തിരുശേഷിപ്പുകളുണ്ട്.
ക്രൈസ്തവ വിശ്വാസികളായതിന്റെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വന്ന പോളണ്ടിലെ ഉൾമാ കുടുംബത്തിലെ ഗർഭസ്ഥശിശു ഉൾപ്പെടെയുള്ള ഒന്‍പതു പേർ, ജീവനോടെ ഒരേ കുഴിയിൽ കുഴിച്ചുമൂടപ്പെട്ട നൊവഗ്രാസോ മാർട്ടയേഴ്സ് എന്ന് അറിയപ്പെടുന്ന 11 കന്യാസ്ത്രീകളുടെ തിരുശേഷിപ്പുകൾ, ബ്ലാക്ക് മാസ് പുരോഹിതനായിരിക്കെ സ്വന്തം അമ്മ നൽകിയ ജപമാലയിലൂടെ മാനസാന്തരം സംഭവിച്ചു വിശുദ്ധനായ ബാർത്തലോ ലോംഗോ എന്നിവരുടെ തിരുശേഷിപ്പുകളുമുണ്ട്.
ഈശോയുടെ ശിരസിൽ അണിയിച്ച മുൾക്കിരീടത്തിലെ മുള്ളിന്റെ ഭാഗം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, പരിശുദ്ധ കന്യാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെയും അരക്കച്ചയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പാലിയത്തിന്റെയും ഭാഗം, 12 ശ്ലീഹൻമാരുടെയും ആദ്യ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസിന്റെയും തിരുശേഷിപ്പുകൾ, ഇന്ത്യയിൽ നിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, അൽഫോൻസാമ്മ, ഫ്രാൻസിസ് സേവ്യർ, ഗോൺസാലസ് ഗാർഷ്യ, മദർതെരേസ, ദേവസഹായം പിള്ള, മറിയം ത്രേസ്യ, എവുപ്രാസ്യമ്മ, തേവർപറന്പിൽ കുഞ്ഞച്ചൻ, റാണി മരിയ, ജോൺ ഡി ബ്രിട്ടോ എന്നിവരുടെ തിരുശേഷിപ്പികുളം പ്രദർശനത്തിലുണ്ട്.
ഉപ്പുതറ കുന്നപ്പള്ളിൽ ജോയിസ് എഫ്രേം പ്രസിഡന്റായുള്ള കാർലോ അക്വിറ്റി ഫൗണ്ടേഷനും ജോയിസ് എഫ്രേമിന്റെ മകൻ ഫാ. എഫ്രേം കുന്നപ്പള്ളി അംഗമായുള്ള ഫാത്തിലൈറ്റ്സ് സന്യാസസമൂഹവും ചേർന്നാണു തിരുശേഷിപ്പ് പ്രദർശനം നടത്തുന്നത്.
നെല്ലിക്കാംപൊയിലിൽ നാളെ മുതൽ
നെല്ലിക്കാംപൊയിൽ: നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പു മുതല്‍ പുതുതലമുറ വിശുദ്ധനായ കാര്‍ലോസ് വരെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും വണക്കവും 27, 28 തീയതികളിൽ നടക്കും. തിരുശേഷിപ്പ് കണ്ടു വണങ്ങി പ്രാർഥിക്കാനുള്ള വിപുലമായ സൗകര്യം ഒരുക്കിയതായി ഇടവക വികാരി ഫാ. ജോസഫ് കാവനാടി അറിയിച്ചു.