നെല്ലിയോടി-വയനാട് റോഡ് നിർമാണം തുടങ്ങി
1536477
Wednesday, March 26, 2025 1:06 AM IST
കൊട്ടിയൂർ: കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കാൻ കണ്ടപ്പുനം നെല്ലിയോടി- 39-ാം മൈൽ റോഡ് തുറക്കാൻ കൊട്ടിയൂർ പഞ്ചായത്തും നാട്ടുകാരും ശ്രമമാരംഭിച്ചു. മണത്തണ-കൊട്ടിയൂർ -അമ്പായത്തോട് മലയോര ഹൈവേയിലെ കണ്ടപ്പുനത്ത് നിന്ന് ആരംഭിച്ച് തലശേരി- മാനന്തവാടി സംസ്ഥാനാന്തരപാതയിൽ 39-ാം മൈലുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റോഡ്. റോഡിന്റെ ഒരു ഭാഗം കൊട്ടിയൂർ പഞ്ചായത്തിലും മറുഭാഗം വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലുമാണ്.
ഇതിൽ കൊട്ടിയൂർ ഭാഗത്തുള്ള കണ്ടപ്പുനം മുതൽ പാറയിൽ കവലവരെ 2.5 കിലോമീറ്റർ ദൂരം ടാറിംഗും കോൺക്രീറ്റു പണികളും നടത്തിയതാണ്. വയനാട്ടിലെ 39-ാം മൈലിൽ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഒരു കിലോമീറ്റർ ദൂരവും പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇടയ്ക്കുള്ള 2.450 കിലോമീറ്റർ ദൂരത്തെ അഞ്ചു മീറ്റർ വീതിയിൽ മൺപണികൾ നടത്താനാണ് ശ്രമമാരംഭിച്ചത്.
കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡ് 60 വർഷത്തിലധിമായി ഉപയോഗിച്ചിരുന്നതാണ്. എന്നാൽ 10 വർഷത്തിലേറെയായി റോഡിൽ പണികൾ ഒന്നും നടത്തിയിരുന്നില്ല. വന്യജീവി ശല്യം രൂക്ഷമായതോടെ മുപ്പതിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്ന് താമസം മാറ്റിയതാണ് റോഡ് അടഞ്ഞു പോകാൻ കാരണമായത്. റോഡ് നിർമാണ പ്രവൃത്തി ജനകീയ വികസന സമിതി ചെയർമാർ ഫാ. സിനോജ് ചിറ്ററക്കൽ ഉദ്ഘാടനം ചെയ്തു.
കൺവീനർ ഷാജി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ജീജ ജോസഫ്, ഷാജി തോമസ് പൂവക്കുളത്ത്, ബേബി ചെറുപ്ലാവിൽ, ബിനീഷ് കുമ്പുങ്കൽ, ജോയി മമ്പള്ളിൽ, സാബു പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.