ചിരട്ടയില്ല : മൃതസംസ്കാരം വൈകിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1536475
Wednesday, March 26, 2025 1:06 AM IST
കണ്ണൂർ: സംസ്കാരത്തിന് ചിരട്ടയില്ലാത്തതു കാരണം പയ്യാമ്പലം പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ രണ്ടു മണിക്കൂർ വൈകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് കോർപറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 23 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിശ്ചയിച്ച സമയത്ത് സംസ്കാരം നടത്താനാകാതെ ബന്ധുക്കൾ ബുദ്ധിമുട്ടിയതായാണ് റിപ്പോർട്ട്. ആംബുലൻസിൽ മൃതദേഹവുമായി കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി. ബന്ധുക്കൾ സ്വയം ചിരട്ട വാങ്ങിയെത്തി സംസ്കാരം നടത്തിയ സംഭവവുമുണ്ടായി. കോർപറേഷന്റെ അനാസ്ഥ കാരണമാണ് സംസ്കാരം തടസപ്പെട്ടതെന്ന് പരാതിയുണ്ട്.
ചിരട്ടയും വിറകുമില്ലാത്തതിനാൽ മുമ്പും പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് വൈകിയതായി പരാതിയുണ്ടായിട്ടുണ്ട്. വിറക് കോർപറേഷൻ ടെൻഡർ വിളിച്ചെടുക്കാറാണ് പതിവ്. ചിരട്ട നേരിട്ട് വാങ്ങും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.