കൈതപ്രം വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
1536473
Wednesday, March 26, 2025 1:06 AM IST
പരിയാരം: കൈതപ്രത്തെ രാധാകൃഷ്ണന് വധക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി സന്തോഷിനെ പരിയാരം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ ഉച്ചയോടെയാണ് പയ്യന്നൂര്‍ കോടതി മൂന്നു ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പരിയാരം പോലീസ് സ്റ്റേഷനിൽ പ്രതിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും പിടിയിലാകുന്പോൾ പറഞ്ഞതിൽ കൂടുതലൊന്നും ഇയാൾ പറഞ്ഞിട്ടില്ല.
രാധാകൃഷ്ണനെ വെടിവയ്ക്കാന്‍ ഉപയോഗിച്ച വെടിയുണ്ടയുടെ കവർ പോലീസിന് ലഭിച്ചിരുന്നില്ല. ഇത് എവിടെ കളഞ്ഞുവെന്ന് ഓര്‍മയില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ഇന്ന് സന്തോഷിനെ കൃത്യം നടത്തിയ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.
സന്തോഷില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മൊബൈല്‍ ഫോണ്‍ സിഡിആറിന്റെയുംഅടിസ്ഥാനത്തിലായിരിക്കും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ ചോദ്യം ചെയ്യുകയെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം.