ഡാം ബഫർ സോൺ വിവാദ ഉത്തരവ്; ആശങ്ക ഒഴിയുന്നു
1536471
Wednesday, March 26, 2025 1:06 AM IST
ഇരിട്ടി: കേരളത്തിലെ ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കിയ ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട ഡിസംബർ 26 ലെ ഉത്തരവ് പിൻവലിക്കുന്നതോടെ ആശങ്ക അകലുന്നു. കേരളത്തിലെ 61 ഡാമുകളുടെ ഇരുകരകളിലുമായി പദ്ധതി പ്രദേശത്തുനിന്നും 120 മീറ്റർ ബഫർ സോണാക്കാനുള്ള ഉത്തരവാണ് പിൻവലിക്കുന്നതായി മന്ത്രി അറിയിച്ചത്.
പഴശി പദ്ധതിയുടെ 6.48 കിലോമീറ്റര് ദൂരം ബഫർ സോണാക്കിയുള്ള പ്രഖ്യാനം വെളിയിൽ വന്നതോടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഉത്തരവിന്റെ ചതിക്കുഴികൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു. ഉത്തരവ് ലഭിച്ചതോടെ പഴശി പദ്ധതിയുടെ പരിധിയിൽ വരുന്ന പായം പഞ്ചായത്ത് പരിധിയിൽ വരുന്ന മൂന്നു വീടുകൾക്ക് എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്ത് ഫയൽ മടക്കിയതും ചർച്ച ആയിരുന്നു.
10 സെന്റ് താഴെമാത്രം ഭൂമിയുള്ള സാധാരണക്കാരായ ജനങ്ങളാണ് ഉത്തരവിന്റെ പേരിൽ ബലിയാടുകളായത്. ഇരിട്ടി നഗരസഭ ടൗണിലെ വഴിയോരക്കച്ചവടം ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാൻ സമർപ്പിച്ച പ്രപ്പോസലും എൻഒസി യുടെ പേരിൽ തള്ളിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം കേരളത്തിലെ 62 ഡാമുകളുടെ ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് ബഫർ സോൺ പരിധിയിൽ വരുന്നത്.
കേരളം മുഴുവൻ പ്രതിഷേധം ശക്തമായതോടെയാണ് നിയമസഭിയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി മന്ത്രി ഉത്തരവ് നടപ്പാക്കില്ല എന്ന് സഭയെ അറിയിച്ചത് .
ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ വിജയം:
അപു ജോൺ ജോസഫ്
ഇരിട്ടി: കേരള സർക്കാർ കൊണ്ടുവന്ന ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയ്ക്ക് ചുറ്റും ഉള്ള കർഷകരെയും ജനവാസ മേഖലയെയും അപകടകരമായി ബാധിക്കുന്ന ബഫർ സോൺ നിയമം പിൻവലിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പച്ചത് ഒറ്റക്കെട്ടായ പ്രതിഷേധത്തെ തുടർന്നാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺസൺ ജോസഫ് പത്രക്കുറിപ്പിൽ പറഞ്ഞു. ഈ ജനദ്രോഹ നിയമം തിരിച്ചറിയാനും അതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും തുടക്കത്തിലേ കേരള കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങളുടെ സ്വത്തിനുമേലുള്ള അവകാശങ്ങൾ ഒരു ഭരണകൂട അഹന്തയ്ക്കും അടിച്ചമർത്താനാകില്ല എന്നതിന്റെ തെളിവ് കൂടിയാണ് സമരത്തിന്റെ വിജയമെന്നും അപു ജോൺ ജോസഫ് പറഞ്ഞു.