ആറളം ഫാമിൽ റോഡ് വികസനത്തിന്റെ മറവിൽ മരം മുറിച്ചുകടത്തി
1536469
Wednesday, March 26, 2025 1:06 AM IST
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരമുള്ള റോഡ് നിർമാണത്തിന്റെ മറവിൽ മരം മുറിച്ചു കടത്തി. റോഡ് വികസനത്തിന്റെ മറവിൽ സ്ഥലമുടമ പോലും അറിയാതെ കൈയേറ്റം നടത്തി ലക്ഷങ്ങൾ വില വരുന്ന ആഞ്ഞിലി മരം മുറിച്ചു കടത്തുകയായിരുന്നെന്നാണ് പരാതി.
ബ്ലോക്ക് 12ലെ മാറാടി രാജന്റെ ഭൂമിയിലെ മരമാണ് മുറിച്ചു കടത്തിയത്. മരം മുറിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടു പോലുമില്ലെന്നും റോഡ് വികസനത്തിന് മരം മുറിക്കേണ്ടതുണ്ടെന്ന ഒരു വിവരവും തന്നെ ആരും അറിയിച്ചിട്ടില്ലെന്നും രാജൻ പറഞ്ഞു. തന്റെ സ്ഥലത്ത് ഉൾപ്പട്ടെ മരം മുറിച്ച് കടത്തിയത് സംബന്ധിച്ച് രാജൻ ടിആർഡിഎമ്മിന് പരാതി നൽകി. പോലീസിലും പരാതി നൽകുമെന്ന് രാജൻ പറഞ്ഞു. പുനരധിവാസ മേഖലയിലെ താമസക്കാർക്ക് പോലും സ്വന്തം സ്ഥലത്തെ മരങ്ങൾ മുറിക്കാൻ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് റോഡ് വികസനത്തിന്റെ മറവിൽ മരം കൊള്ള നടത്തിയതെന്ന് താമസക്കാർ പറയുന്നു.
വീതികൂട്ടി പുനർനിർമിക്കുന്ന റോഡിന്റെ പരിധിക്കുള്ളിൽ വരുന്ന പുനരധിവാസ മേഖലയിലെ താമസക്കാരുടെ സ്ഥലത്തെ മരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അടയാളപ്പെടുത്തിയ മരങ്ങൾ മുറിച്ചുമാറ്റിയാൽ മാത്രമേ കെഎസ്ഇബിക്ക് ലൈൻ മാറ്റി സ്ഥാപിക്കാൻ കഴിയുകയുള്ളൂ. കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കാത്തത് കാരണം റോഡ് നിർമാണം വൈകുന്നതായും ആക്ഷേപമുണ്ട്. ഇതിനിടയിലാണ് റോഡിന്റെ പരിധിയിൽ അടയാളപ്പെടുത്തിയ ആഞ്ഞിലി മരം മുറിച്ച് നീക്കിയത്. കഴിഞ്ഞ മഴക്കാലത്ത് പുനരധിവാസ മേഖലയിൽ പൊട്ടിവീണ റബർ മരങ്ങൾ മുറിച്ച് വില്പന നടത്താൻ താമസക്കാർ അനുവാദം ചോദിച്ചിരുന്നുവെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു.
വിചിത്രമായ മറുപടിയുമായി അധികൃതർ
മരം മുറിക്കാൻ അനുമതി ഉണ്ടായിരുന്നോ? മുറിച്ച മരം എന്തുചെയ്തു ? മരം വില്പന നടത്താൻ അനുമതി ഉണ്ടയിരുന്നോ ? തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങൾക്കു പോലും വ്യക്തയില്ലാത്തതും വിചിത്രങ്ങളുമായ മറുപടിയാണ് ടിആർഡിഎം അധികൃതർ നൽകുന്നത്. പുനരധിവാസ മേഖലയിൽ നിർമാണം നടക്കുന്ന ആനമതിലിന്റെ ഭാഗത്തെ 164 മരങ്ങൾ മുറിച്ചുമാറ്റാൻ കരാർ എടുത്ത കമ്പനിക്ക് വലിയതോതിൽ നഷ്ടം സംഭവിച്ചപ്പോൾ അതു നികത്താൻ ടിആർഡിഎമ്മിന്റെ അനുവാദത്തോടെയാണ് ആഞ്ഞിലി മരം മുറിച്ചതെന്നാണ് അധികൃതർ വാക്കാൽ നൽകിയ വിചിത്രമായ വിശദീകരണം.
ആനമതിൽ നിർമാണത്തിനുള്ള മരം മുറിയും റോഡ് നിർമാണവും രണ്ടും രണ്ടു പദ്ധതികളാണെന്നരിക്കെ ഒരു തരത്തിലും റോഡ് കടന്നുപോകുന്ന ഭാഗത്തെ മരം മുറിച്ചു കടത്തിയതു സംബന്ധിച്ച് ലഭിച്ചത് യുക്തിസഹമായ മറുപടിയല്ലെന്നതാണ് വാസ്തവം. അധികൃതരുടെ കൃത്യമായ ഒത്താശ ഇല്ലാതെ ആർക്കും ഇത്തരത്തിൽ മരം മുറിച്ചു കടത്താനാകില്ല. മാസങ്ങളായി നിലച്ചുകിടന്ന ആനമതിൽ നിർമാണം പുനരാരംഭിക്കാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്ന ടിആർഡിഎമ്മിന്റെ ആനമതിൽ നിർമണവും കരാറുകാരരന്റെ നഷ്ടം നികത്താനുള്ള വ്യഗ്രതയും അഴിമതിക്കുവേണ്ടിയുള്ള നാടകം മാത്രമാണെന്നാണ് പുനരധിവാസ മേഖലയിലുള്ളവർ പറയുന്നത്.
മരം മുറിച്ചവരെ
കണ്ടെത്തണം
"താമസക്കാർക്ക് പോലും സ്വന്തം സ്ഥലത്തെ മരങ്ങൾ വെട്ടാനോ വിൽക്കാനോ അവകാശമില്ലാത്ത സാഹചര്യത്തിലാണ് തന്റെ സ്ഥലത്തെ മരം മുറിച്ചു കടത്തിയത്. മരം ആരാണ് മുറിച്ചു കടത്തിയതെന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. നാളെ ഒരു പക്ഷേ ഇതു സംബന്ധിച്ച് അന്വേഷണം വന്നാൽ തന്റെ പേരിൽ നിയമ നടപടികൾ ഉണ്ടാകരുത്. മരം മുറിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധിച്ച് നിയമപരമായി തന്നെ തനിക്ക് രേഖകൾ വേണം.'
മാറാടി രാജൻ
(സ്ഥലം ഉടമ)