പാനൂരിൽ ക്വാറിക്കെതിരെയുള്ള സമരം തുടരുന്നു; ലോറി തടഞ്ഞ് തകർത്തു
1536316
Tuesday, March 25, 2025 7:25 AM IST
തലശേരി: ക്വാറി ക്രഷർ മേഖലയിൽ സബ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ ക്വാറി ഉടമകൾ അട്ടിമറിക്കുകയാണെന്നാരോപിച്ച് പാനൂർ മേഖലയിൽ സംയുക്ത രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമരം ശക്തമാക്കി. നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കാണിച്ച് സമരസമിതി ക്രഷർ ഉത്പന്നവുമായി പോകുന്ന ലോറി തടഞ്ഞ് കൊടികുത്തി.
പാനൂർ കല്ലുവളപ്പിലെ പാനൂർ സ്റ്റോൺ ക്രഷറിന് മുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. സമരക്കാർ വാഹനം തടഞ്ഞുവച്ച് തകർത്തതായി ക്വാറി ഉടമ ആരോപിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. മനോജ് പൊയിലൂരിനെതിരെയാണ് കേസ്. ക്വാറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജില്ലാ ഭരണകൂടം നിർദേശിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായി ആരോപിച്ചാണ് സമരസമിതി സമരം നടത്തുന്നത്. എന്നാൽ ജില്ലാ ഭരണകൂടം നിർദേശിച്ച നിരക്ക് വർധനമാത്രമാണ് തങ്ങൾ ഈടാക്കുന്നതെന്ന് ക്രഷർ ക്വാറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യു. സെയ്ദ് പറഞ്ഞു. പാനൂർ മേഖലയിൽ സമരത്തെ തുടർന്ന് ക്വറി ക്രഷർ മേഖല സ്തംഭിച്ചിരിക്കുകയാണ്.
നാളെ ജില്ലയിൽ
ക്വാറി, ക്രഷർ
അടച്ചിട്ട് പ്രതിഷേധം
കണ്ണൂർ: പാനൂർ മേഖലയിൽ സംയുക്ത രാഷ്ട്രീയ പാർട്ടികൾ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഒരു ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം തടഞ്ഞതിലും വാഹനം കേടുവരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇ.സി. ഹോൾഡേഴ്സ് അസോസിയേഷൻ നാളെ ജില്ലയിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പണിമുടക്കിനോടനുബന്ധിച്ച് നാളെ ജില്ലയിലെ മുഴുവൻ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള ഉത്പന്ന വിൽപനയും നിർത്തി
വയ്ക്കും. ക്വാറികൾക്കും ക്രഷറുകൾക്കും എതിരെ അക്രമസമരം തുടരുകയാണെങ്കിൽ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും ഇന്നലെ ചേർന്ന അസോസിയേഷന് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അടിയന്തരിയോഗം തീരുമാനിച്ചാതായി ഭാരവാഹികൾ അറിയിച്ചു.