ഗതാഗതക്കുരുക്കഴിക്കാൻ സ്വയം വടിയെടുത്ത് ബസുടമകൾ
1536315
Tuesday, March 25, 2025 7:25 AM IST
കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ തോന്നുംപടി സ്റ്റോപ്പുകളിൽ നിർത്തിയിട്ട് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനെതിരേ യുക്തമായ നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ ബസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തുന്ന ബസുടമകളുടെ ജനറൽബോഡി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെക്കോട്ട് പോകുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെട്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണെങ്കിൽ എട്ട് മിനിറ്റ് കൊണ്ടും സാധാരണ ബസുകളാണെങ്കിൽ 10 മിനിറ്റ് കൊണ്ടും കെഎസ്ആർടിസി സ്റ്റാൻഡ് കടന്നുപോകണമെന്ന് യോഗം തീരുമാനിച്ചു.
വടക്കോട്ട് പോകുന്ന മുഴുവൻ ബസുകളും പുതിയ ബസ് സ്റ്റാൻഡിൽനിന്നും അഞ്ച് മിനിറ്റ് മുന്പ് പുറപ്പെട്ട് പഴയ ബസ് സ്റ്റാൻഡ് റാക്കിൽ കയറ്റി ഇടാതെ യാത്രക്കാരെ കയറ്റിപോകണമെന്ന തീരുമാനവും യോഗം കൈക്കൊണ്ടു. യോഗത്തിൽ ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ, കൺവീനർമാരായ പി.കെ. പവിത്രൻ, പി.വി. പദ്മനാഭൻ, കെ. വിജയൻ, ടി. രാധാകൃഷ്ണൻ, കെ.പി. മുരളീദരൻ, കെ.പി. മോഹനൻ തുടങ്ങിയ പ്രസംഗിച്ചു.