വേനൽ മഴയിൽ മലയോരത്ത് വ്യാപക നാശം
1536312
Tuesday, March 25, 2025 7:25 AM IST
ഇരിട്ടി: ഞായറാഴ്ച രാത്രിയുണ്ടായ കനത്ത വേനൽ മഴയിലും ഇടിമിന്നലിലും മലയോരത്ത് വ്യാപക നാശം. ഉളിക്കൽ പഞ്ചായത്തിലെ തേർമല പതിനഞ്ചാം വാർഡിൽ പള്ളത്ത് ബിജുവിന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. കനത്ത മഴയിലും കാറ്റിലും മേൽക്കൂര മുഴുവനായും തകർന്ന് വീഴുകയായിരുന്നു. അപകട സമയത്ത് ബിജുവും കുടുംബവും ക്ഷേത്രോത്സവത്തിന് പോയതിനാൽ വീട്ടിൽ ആരുമില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
പല സ്ഥലങ്ങളിലും റോഡിലേക്ക് ഉൾപ്പെടെ മരങ്ങൾ പൊട്ടിവീണു ഗതാഗത തടസപ്പെട്ടു. നാട്ടുകാർ തന്നെ മരം മുറിച്ചുമാറ്റി താൽക്കാലിക ഗതാഗത സംവിധാനം ഒരുക്കി. വൈദ്യുത ബന്ധം താറുമാറായി. എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിലും മാടത്തിൽ കീഴ്പ്പള്ളി റോഡിൽ കോളികടവിലും റോഡിലേക്ക് മരങ്ങൾ പൊട്ടി വീണു. കനത്ത കാറ്റിൽ നിരവധി കർഷകരുടെ വാഴ ഉൾപ്പെടെ ഒടിഞ്ഞുവീണു.നിർമാണം നടക്കുന്ന മലയോര ഹൈവേ എടൂർ ആറളം റീച്ചിൽ കല്ലും മണ്ണും റോഡിലേക്ക് ഒഴുകി യാത്ര ദുഷ്കരമായി.
ഓടാക്കൽ പാടത്ത് വെള്ളം കയറി ഉണക്കി സൂക്ഷിച്ച കച്ചി നശിച്ചു. ഒടാക്കല് പാടശേഖര സമിതിയുടെ കീഴിലുള്ള കോഴിക്കൊമ്പിൽ ബിനോയി, സന്തോഷ്, വിലങ്ങുപാറ ജോസഫ് തുടങ്ങിയവരുടെ പാടശേഖരത്തിൽ സൂക്ഷിച്ചിരുന്ന കച്ചിയാണ് നശിച്ചത്. 30000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.