കൊലയാളി വലയിലായത് ഓട്ടോ ഡ്രൈവറുടെ തന്ത്രപരമായ നീക്കത്തിലൂടെ
1536310
Tuesday, March 25, 2025 7:25 AM IST
തളിപ്പറമ്പ്: ഞായറാഴ്ച രാത്രി 8.30 തോടെയാണ് ഓട്ടോ ഡ്രൈവറായ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി. ഹൗസില്‍ കെ.വി. മനോജ്കുമാറിന്(52) മൊറാഴയിൽ നിന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം കിട്ടുന്നത്. ഓട്ടോ വളപട്ടണത്ത് എത്തുമ്പോഴാണ് മനോജിനെ സുഹൃത്ത് വിളിച്ച് മൊറാഴ കൂളിച്ചാലിൽ ഇതരസംസ്ഥാന തൊഴിലാളിയായ ദാലീംഖാനെ (33) വെട്ടക്കൊലപ്പെടുത്തിയെന്ന വിവരം പറയുന്നത്.
പ്രതിയുടെ ലക്ഷണങ്ങളും പറഞ്ഞു കൊടുത്തു. സുഹൃത്ത് പറഞ്ഞ ലക്ഷണങ്ങൾ വച്ച് നോക്കിയപ്പോൾ തന്റെ വണ്ടിയിലെ യാത്രക്കാരനാണതെന്ന് മനോജിന് മനസിലായി. ആദ്യം ഞെട്ടൽ ഉണ്ടായെങ്കിലും മനോധൈര്യം കൈവിട്ടില്ല. തന്ത്രപൂർവം കളരിവാതുക്കൽ വഴി ഓട്ടോ നേരെ വളപട്ടണം സ്റ്റേഷനിലെത്തിച്ച് പോലീസുകാരോട് വിവരം പറഞ്ഞു. വളപട്ടണം പോലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചത്. മനോജ് തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ പ്രതി ട്രെയിനിൽ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടേനെ. വിവരമറിഞ്ഞ റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിലെ അഭിനന്ദിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതി സുജോയ് കുമാറിനെ ഞായറാഴ്ച രാത്രി തന്നെ തളിപ്പറമ്പ് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തി. ദാലീംഖാന്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കെട്ടിട നിർമാണമേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. പ്രതിയായ പശ്ചിമ ബംഗാൾ പര്‍ഗാനാസ് സ്വദേശിയായ ഗുഡു എന്ന സുജോയ് കുമാർ ജോലിയിൽ കൃത്യനിഷ്ഠ പാലിക്കാത്തതിന് വഴക്കുപറഞ്ഞതിനുള്ള പ്രതികാരമാണ് കൊലപാതകത്തിലെത്തിച്ചത്.