സമ്പൂർണ ഭവനവും ശുചിത്വവും ആധുനിക ഓഡിറ്റോറിയവുമായി ഇരിട്ടി നഗരസഭാ ബജറ്റ്
1535959
Monday, March 24, 2025 2:01 AM IST
ഇരിട്ടി: സമ്പൂർണ ഭവനം ശുചത്വ പദ്ധതികൾക്കൊപ്പം 2.5 കോടിയുടെ ആധുനിക ഓഡിറ്റോറിയവുമായി ഇരിട്ടി നഗരസഭാ ബജറ്റ്. മുൻ വർഷത്തെ നീക്കിയിരിപ്പ് അടക്കം 63,65,95,946 രൂപ വരവും 52,56,50,500 രൂപ ചെലവും, 11,09,45,446 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ പി. പി. ഉസ്മാനാണ് അവതരിപ്പിച്ചത്.
4.5 കോടി രൂപയുടെ ഭവന നിർമാണ പദ്ധതി നടപ്പി ലാക്കും. പുതിയ റോഡുകളുടെ നിർമാണം, റോഡുകളുടെ അറ്റകുറ്റപ്പണി, ഓവുചാലുകളുടെ നിർമാണം എന്നിവർക്കായി 6.5 കോടിയുടെ വികസന പദ്ധതികൾക്ക് ഊന്നൽ നൽകി.
നെൽക്കൃഷി വ്യാപനം, പച്ചക്കറി സ്വയം പര്യാപ്തത വീട്ടുവളപ്പിൽ പച്ചക്കറി കൃഷി, വൃക്ഷത്തൈ വിതരണം എന്നിവയ്ക്കെല്ലാം തുക നീക്കിവച്ചിട്ടുണ്ട്. പാൽ ഉത്പാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 60 ലക്ഷം നീക്കിവച്ചിട്ടുണ്ട്. ക്ഷീര കർഷകർക്ക് പാൽ ഉത്പാദന സബ്സിഡിയായി 20 ലക്ഷം, കാലിത്തീറ്റ വിതരണത്തിന് 10 ലക്ഷം, കിടാരി വളർത്തൽ പദ്ധതിക്ക് അഞ്ചു ലക്ഷം, തെരുവുനായ പ്രതിരോധ കുത്തിവയ്പിന് മൂന്നു ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ ഓഫീസ് നവീകരണത്തിനും സ്ഥലം വാങ്ങുന്നതിനും 50 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിൽ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനും മറ്റ് ആവശ്യങ്ങൾ ക്കുമായി സ്ഥലം വാങ്ങുന്നതിന് രണ്ടുകോടി രൂപ വിനിയോഗിക്കും. ആധുനിക അറവുശാല പണിയാൻ 50 ലക്ഷം രൂപ വകയിരുത്തി.
ജബ്ബാർക്കടവ് മുതൽ എടക്കാനം, പഴശി പദ്ധതി വരെ ടൂറിസംപ്രവർത്തനങ്ങൾക്കായി 15 ലക്ഷം പ്രാരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന് മരുന്നും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിന് 30 ലക്ഷം, താലൂക്ക് ആശുപത്രിയിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണത്തിന് 10 ലക്ഷം, പത്തൊമ്പതാം മൈൽ പുതിയ വെൽനസ് സെന്ററിന് 40 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചു
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ. ബൽക്കീസ്, കെ. സോയ, കെ. സുരേഷ്, ടി.കെ. ഫസീല, എ.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ബജറ്റ് യാഥാർഥ്യങ്ങളെ
തമസ്കരിക്കുന്നു:
യുഡിഎഫ്
നഗരസഭ ബജറ്റ് യാഥാർഥ്യബോധത്തോടെ ഉള്ളതല്ലെന്ന് യുഡിഎഫ്. സാധാരണക്കാർക്ക് ഗുണപരമായ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും കഴിഞ്ഞ കാലഘട്ടങ്ങളിൽ അവതരിപ്പിച്ച ബജറ്റിന്റെ തനിയാവർത്തനം മാത്രമാണെന്നുമാണ് യുഡിഎഫ് അംഗങ്ങൾ പറയുന്നത്. പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കും പൊതു മാർക്കറ്റ് സ്ഥാപിക്കുന്നതിനും ഭൂരഹിത ഭവന രഹിതർക്കുള്ള ഭവന നിർമാണം, ഫുട്പാത്ത് കച്ചവടക്കാർക്ക് ഷെൽട്ടർ പദ്ധതി തുടങ്ങിയവയ്ക്ക് വേണ്ടത്ര ഫണ്ടുകൾ അനുവദിച്ചില്ല.
പഴശി ഡാം ഉൾപ്പെട്ട മുനിസിപ്പാലിറ്റിയിൽ ടൂറിസത്തിന് അനന്തസാധ്യത ഉണ്ടെന്നിരിക്കെ നാമമാത്ര ഫണ്ട് മാത്രമാണ് ടൂറിസം മേഖലയിലേക്ക് വകയിരുത്തിയത്. ഇരിട്ടി ടൗൺഷിപ്പ് പദ്ധതികൾക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നും യുഡിഎഫ് അംഗങ്ങൾ ചൂണ്ടികാട്ടി. പി.കെ. ബൽക്കീസ്, വി. ശശി, സമീർ പുന്നാട്, എൻ.കെ. ഇന്ദുമതി, പി. ബഷീർ, കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ. ഷരീഫ, എം.കെ. നജ്മുന്നിസ, സി. സാജിദ, എൻ.കെ. ശാന്തിനി എന്നിവർ പ്രസംഗിച്ചു
കണക്കുകൾ കൊണ്ട്
വെറുതെ മോഹിപ്പിക്കൽ മാത്രം: ബിജെപി
ഇരിട്ടി നഗരസഭ അവതരിപ്പിച്ച ബജറ്റ് വെറും കണക്കുകളുടെ കളി മാത്രമാണെന്നും സാധാരണക്കാർക്ക് ഉപകരിക്കുന്ന യാതൊന്നും ബജറ്റിൽ കാര്യമായി ഉൾപ്പെടുത്തിയിട്ടില്ലെന്നും മുൻ വർഷത്തേതിന്റെ തനിയാവർത്തനം മാത്രമാണെന്നും ബിജെപി കൗൺസിലർമാർ. മലയോര മേഖലയിലെ ആദിവാസികൾ അടക്കമുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയകേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് പേരിനു മാത്രമായാണു ഫണ്ടുകൾ വകയിരുത്തിയിട്ടുള്ളത്. വർഷങ്ങൾക്കു മുന്പ് മൂന്നു കോടിയിലേറെ മുടക്കി പണിതീർത്ത മാതൃശിശു വാർഡ് ഉദ്ഘാടനം ചെയ്ത ദിവസം മുതൽ അടഞ്ഞു കിടക്കുകയാണ്.
ഇരിട്ടി നഗരസഭയിലെ ബിജെപി കൗൺസിലർമാരായ എ.കെ. ഷൈജു, പി.പി. ജയലക്ഷ്മി, സി.കെ. അനിത, എൻ. സിന്ധു, വി. പുഷ്പ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.