പച്ചമീൻ കടയിലെ കഞ്ചാവ്; തുറക്കാൻ ശ്രമിച്ച കടയ്ക്കു മുന്നിൽ വീണ്ടും പ്രതിഷേധം
1535958
Monday, March 24, 2025 2:01 AM IST
ഇരിട്ടി: എടൂരിലെ ആച്ചി പച്ചമീൻ കടയിൽ നിന്നും ഉടമയുടെ ഉരുപ്പുംകുണ്ടുള്ള വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിന് ശേഷം അടച്ചിട്ട കട വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർ പ്രതിഷേധിച്ചതോടെ പോലീസ് എത്തി അടപ്പിച്ചു. പഞ്ചായത്തിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം കടതുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് പോലീസ് നിർദേശവും നൽകി.
ഞായറാഴ്ച കാലത്ത് തൊഴിലാളികൾ തുറന്ന കടയാണ് 11 ഓടെ നാട്ടുകാർ സംഘടിച്ച് കടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഇതോടെയാണ് പഞ്ചയാത്ത് നിർദേശം വന്നശേഷം കട തുറന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം പഞ്ചായത്ത് കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കടയുടെ ലൈസൻസ് റദ്ദാക്കുന്നത് വൈകിയാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യാംകുളം, പഞ്ചായത്തംഗം ഫ്രാൻസിസ് കുറ്റിക്കാട്ട്, തോമസ് തയ്യിൽ, കെ.ജെ. ജോസഫ്, ബിജു മുരിയങ്കരി എന്നിവർ പ്രസംഗിച്ചു.