ഡോ.അനിതയ്ക്കെതിരേ തളിപ്പറന്പ് ഡിവൈഎസ്പിക്ക് പരാതി
1516185
Friday, February 21, 2025 1:55 AM IST
തളിപ്പറമ്പ്: ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി. ഉഷാകുമാരിയുടെ മരണത്തിന് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി.വി. അനിതയാണ് ഉത്തരവാദിയെന്ന് കാണിച്ച് ഭര്‍ത്താവ് കരിമ്പം ഒറ്റപ്പാലനഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്കി.
പരാതി ഇങ്ങനെ: കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒടുവള്ളിത്തട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്ന ഉഷാകുമാരിക്ക് നട്ടെല്ലിന് രോഗം ബാധിച്ചതിനാല്‍ മേലധികാരികളുടെ അനുമതിയോടുകൂടി ശാരീരിക വിഷമതകള്‍മൂലം സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ നിന്നുവരെ ഇളവ് നല്‍കിയിരുന്നു. ആശുപത്രിക്ക് അനുവദിച്ചു കിട്ടിയ വിവിധ ഫണ്ടുകള്‍ യാതൊരുവിധ പ്രവൃത്തികളോ പരിപാടികളോ നടത്താതെ കൃത്രിമമായി വൗച്ചറുകള്‍ ഉണ്ടാക്കി തട്ടിയെടുത്തതില്‍ ക്ലര്‍ക്ക് എന്ന നിലയില്‍ ഉഷാകുമാരി ഡോ. അനിതയോട് ചോദിച്ചപ്പോള്‍ ചീത്തപറഞ്ഞതായും പരാതിയില്‍ പറയുന്നു.
നടുവേദന കലശലായതിനെത്തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ ഉഷാകുമാരി ജോലിയില്‍നിന്ന് സ്വയം വിരമിക്കുവാന്‍ തീരുമാനിക്കുകയും ഇതിനായി വിആര്‍എസിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മുമ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെപ്പറ്റി ചോദിച്ചതിലുള്ള വിരോധം കാരണം ഡോ.അനിത വിആര്‍എസ് അപേക്ഷക്കാവശ്യമായ രേഖകള്‍ നല്‍കാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതില്‍ ഉഷാകുമാരി കടുത്ത വിഷമം അനുഭവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 2025 ഏപ്രില്‍ ഒന്നിന് വിരമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഇതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കാതെ മനഃപൂര്‍വം ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്താണ് ജനുവരി-26 ന് ആരും വീട്ടിലില്ലാത്ത സമയത്ത് കിണറ്റില്‍ ചാടി മരിച്ചതെന്നും ഡോ. അനിത മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതി.