പാടാംകവല, കന്മദപ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി
1515248
Tuesday, February 18, 2025 2:16 AM IST
ചന്ദനക്കാംപാറ: പാടാംകവല,കന്മദപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാനയിറങ്ങി. കൻമദപ്പാറയിലെ സ്വകാര്യഫാമിന്റെ പറമ്പിന് സമീപത്താണ് കാട്ടാനയുള്ളത്. കാട്ടാനയെ തുരത്താൻ ആർആർടി സംഘം എത്തിയെങ്കിലും കാട്ടാന വേലിക്കകത്ത് തന്നെ തുടരുകയാണ്.
ശനിയാഴ്ച രണ്ട് കാട്ടാനകൾ പാടാംകവല പള്ളി ക്ക് സമീപം വരെ എത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് കേരള വനാതിർത്തിക്കുള്ളിൽ കാട്ടാനകൾ എത്തിയത്. മൂന്നു ദിവസമായി പാടാംകവല വനം വകുപ്പ് ടീം പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമം നടത്തിയെങ്കിലും കൻമദപ്പാറ ഭാഗത്ത് തന്നെ കാട്ടാനകൾ തുടരുകയാണ്.
ജനവാസമേഖലയിലിറങ്ങാതിരിക്കാൻ വാച്ചർമാർ ശ്രമിക്കുന്നുണ്ട്. ചന്ദനക്കാംപാറ,ചീത്തപ്പാറ,പാടാംകവല ഭാഗങ്ങളിലുള്ളവർ കാട്ടാന കാരണം ഭീതിയിലാണ്. കാട്ടാനകൾ ഉള്ളത് കാരണം പലരും രാത്രി യാത്ര ഒഴിവാക്കുകയാണ്.
പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിൽ സൗര തൂക്കുവേലി സ്ഥാപിച്ചെങ്കിലും പലതവണയായി തുരത്തിയ കാട്ടാനകൾ കേരള വനത്തിൽ ക്യാമ്പ് ചെയ്യുകയാണ്. നേരത്തെ ദൗത്യസംഘം ആനക്കൂട്ടത്തെ ഓടിക്കാൻ ശ്രമം നടത്തിയിരുന്നു. കുറേയെണ്ണം കാടുകയറി സ്ഥലം വിട്ടിരുന്നെങ്കിലും രണ്ട് ആനകൾ ഇപ്പോഴും ഈ പ്രദേശത്തെ കാടുകളിൽ ഉള്ളതായി വനംവകുപ്പ് അറിയിച്ചു.