പോലീസിന് നേരേ ബോംബേറ്: പ്രതികളെ വെറുതെ വിട്ടു
1515752
Wednesday, February 19, 2025 7:41 AM IST
പയ്യന്നൂർ: പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികളായ പരിയാരം കോരൻപീടികയിലെ ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. പരിയാരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പയ്യന്നൂർ അസിസ്റ്റന്റ് സെഷൻ കോടതി ജഡ്ജ് എം.എസ്. ഉണ്ണികൃഷ്ണൻ വെറുതെ വിട്ടത്.
2010 മേയ് 29 നാണ് കേസിനാസ്പദമയ സംഭവം. ലീഗ് പ്രവർത്തകരും സിപിഎമ്മുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ലീഗ് പ്രവർത്തകരായ ലത്തീഫ് മുതൽ എഴുപത്തഞ്ചോളം പേർ സംഘടിച്ച് പ്രകടനമായി വന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അന്നത്തെ എസ്ഐ ഉത്തംദാസിനെയും പോലീസ് സംഘത്തെയും ബോംബ് എറിഞ്ഞും കല്ല്, വടി എന്നിവ ഉപയോഗിച്ചും കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നായിരുന്നു കേസ്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ. ഹനീഫ് പുളുക്കൂൽ, അഡ്വ. സക്കരിയ കായക്കൂല്‍, അഡ്വ. വി.എ. സതീശൻ, അഡ്വ. ഡി.കെ. ഗോപിനാഥൻ എന്നിവർ ഹാജരായി.