കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
1516183
Friday, February 21, 2025 1:55 AM IST
പരിയാരം: പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്ഡന് വളപ്പില്‍ പി.എച്ച്. ആസിഫിനെയാണ് (24) പരിയാരം ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ 14 ന് പകലായിരുന്നു മോഷണം നടന്നത്.
ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെയും അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി സാവിത്രിയുടെയും വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു വീട്ടുകാരും ഉത്സവം കാണാനായിപ്പോയപ്പോഴായിരുന്നു മോഷണം . പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരേ കേസുണ്ട്. ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.
മോഷണത്തിന്
വ്യത്യസ്ത രീതി
സാധാരണ മോഷ്ടാക്കളില്‍നിന്നും വ്യത്യസ്തമായ രീതിയാണ് ആസിഫ് മോഷണത്തില്‍ സ്വീകരിക്കാറുള്ളെതന്ന് പോലീസ് പറഞ്ഞു. മൊബെൽ ഫോൺ ഉപയോഗിക്കാതെ അപരിചിതമായ സ്ഥലത്തേക്ക് ബസുകളില്‍ സഞ്ചരിച്ച് ഗ്രാമപ്രദേശങ്ങളിലേക്ക് കാല്‍നടയായി യാത്രചെയ്താണ് മോഷണത്തിനായി വീടുകള്‍ കണ്ടെത്തുന്നത്. ഇതിനായി ഇരുപത് കിലോമീറ്ററുകള്‍ വരെ ഇയാള്‍ നടന്നുപോകാറുണ്ട്.
ഈ കാല്‍നടയാത്രക്കിടയില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അനുകൂല സാഹചര്യം നോക്കി മോഷണം നടത്തുകയാണ് പതിവ്. കൂടുതലും പണം മാത്രമാണ് ഇയാല്‍ മോഷ്ടിക്കാറുള്ളത്. മോഷണം നടത്തിയ ശേഷം മംഗളൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലത്തി ആഢംബര ഹോട്ടലുകളിലും മറ്റ് താമസിച്ച് സുഖിച്ച് ജീവിക്കാറാണ് പതിവ്. പണം തീര്‍ന്നാല്‍ പതിവ് രീതികള്‍ തുടരും.
അനുഭവപരിചയം
നിർണായകമായി
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയുള്ള കവർച്ചയിൽ പരിയാരം കവർച്ച ഉൾപ്പെടെ നിരവധി കവർച്ചാ കേസുകൾ തെളിയിച്ച അന്വേഷണ സ്ക്വാഡ് അംഗങ്ങളുടെ അനുഭവപരിചയം നിർണായകമായി.
കവർച്ചകൾ നടന്നത് പകൽ സമയത്തായതും വീടുകളിലേയോ അലമാരകളിലേയോ പൂട്ട് പൊളിക്കാതെ താക്കോൽ കൊണ്ട് തുറന്നുള്ള കവർച്ചയിൽ വീടുമായി അടുപ്പമുള്ളവരാകാം എന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിശ്വസിച്ചപ്പോഴാണ് പോലീസ് ഈ കവർച്ചാ കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ആസിഫിന്റെ കവർച്ചാ രീതികളോട് സാമ്യമുള്ള കവർച്ചയാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം അതേ വഴിക്ക് അന്വേഷണം തുടങ്ങുകയും ഒരു സിസിടിവിയിൽ ആസിഫിന്റെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് ആസിഫിനെ കണ്ടെത്തുവാനുള്ള അന്വേഷണം നടത്തുകയുമായിരുന്നു.
പ്രതി മൊബൈൽ ഉപയോഗിക്കാതെ മംഗളൂരു പോലെയുള്ള കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് ബുധനാഴ്ച അർധരാത്രി അന്വേഷണ സംഘം ആസിഫിനെ പിടികൂടിയത്. കുതറി ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.സിഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജിമോൻ, എഎസ്ഐമാരായ പ്രകാശൻ, ഷൈജു, പയ്യന്നൂർ ഡിവൈഎസ്പിയുടെ അന്വേഷണ സ്ക്വാഡ് അംഗങ്ങളായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം. അഷറഫ് ,രജീഷ് പൂഴിയിൽ ,നിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.