ചാണകപ്പൊടി നിർമാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ കൂട്ടായ്മ
1515736
Wednesday, February 19, 2025 7:39 AM IST
ഉദയഗിരി: ക്ഷീരകർഷകരെ സഹായിക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സ്വയം തൊഴിൽ കണ്ടെത്തലിനുമായി ചാണകപ്പൊടി നിർമാണ യൂണിറ്റ് സ്ഥാപിച്ച് ഉദയഗിരി പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ. മാമ്പൊയിൽ ചുള്ളിപ്പള്ളയിലാണ് ഹരിത പ്രൊഡ്യൂസേഴ്സ് ഗ്രൂപ്പ് എന്ന പേരിൽ പ്ലാന്റ് സ്ഥാപിച്ചത്. കുടുംബശ്രീയിൽ നിന്ന് സബ്സിഡിയായി ലഭിച്ച ഒരുലക്ഷം രൂപയുടെ മെഷിനറി ഉപയോഗിച്ചാണു നിർമാണം. ചാണകപ്പൊടി വാങ്ങുന്നതിന് ആവശ്യമായ പണം കുടുംബശ്രീയിൽ നിന്ന് വായ്പയെടുക്കും.
കർഷകരിൽ നിന്ന് ഉണക്ക ചാണകം വാങ്ങി പൊടിച്ച് ഒരുകിലോ, രണ്ടുകിലോ, അഞ്ചുകിലോ, 50 കിലോ പായ്ക്കറ്റുകളിലാക്കി വിൽക്കുന്നതാണു പദ്ധതി. ക്രമേണ സ്യൂഡോമൊണാസ് പോലുള്ള മൂലകങ്ങൾ ചേർത്ത് ചാണകപ്പൊടിയുടെ ഗുണനിലവാരം ഉയർത്താനും ഗ്രോബാഗിനകത്ത് മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും നിറച്ച് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
കുടുംബശ്രീ മുഖേനയും കർഷക ചന്തകൾ വഴിയുമാണു വിപണനം ലക്ഷ്യമിടുന്നത്. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സൂര്യപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ എം.സി. ജനാർദനൻ, എം.എൻ. ബിന്ദു, ബീന സുരേഷ്, സുനി ബിജു, ദീപ വർഗീസ്, മിനി കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.