ചുരമില്ലാ ബദൽ പാത യാഥാർഥ്യമാക്കണം: നിവേദനം നൽകി
1515829
Thursday, February 20, 2025 1:45 AM IST
കൊട്ടിയൂർ: കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ ബദൽ പാത യാഥാർഥ്യമാ ക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസനസമിതി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിക്ക് നിവേദനം നൽകി. പഞ്ചായത്ത് മുൻകൈയെടുത്ത് മാനന്തവാടി, ഇരിട്ടി, മട്ടന്നൂർ നഗരസഭാ അധ്യക്ഷന്മാരെയും കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, പേരാവൂർ, മാലൂർ പഞ്ചായത്ത് പ്രസിഡന്റുമാരെയും ചേർത്ത് സംയുക്ത കർമസമിതി രൂപീകരിച്ച് റോഡിനായി പ്രവർത്തിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചുരമില്ലാ ബദൽ പാതയ്ക്കായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രിയങ്കാഗാന്ധി എംപി എന്നിവർക്ക് നിവേദനം നൽകുമെന്ന് റോഡ് വികസസമിതി ഭാരവാഹികൾ പറഞ്ഞു.
കൊട്ടിയൂർ, കേളകം, കണിച്ചാർ ഉൾപ്പെടെ ഉണ്ടായിരുന്ന മുൻ കാപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് കുട്ടി മുക്കാടൻ, മട്ടന്നൂർ-മാനന്തവാടി വിമാനത്താവള റോഡ് കർമസമിതി കൺവീനർ ബോബി സിറിയക്, സമിതിയംഗങ്ങളായ പി.സി. സിറിയക്, ജോണി ജോൺ വടക്കയിൽ എന്നിവരടങ്ങുന്ന സംഘമാണ് തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലെത്തിയ അധികൃതരുമായി സംസാരിച്ചത്.