പെയിന്റ് വ്യാപാരികൾക്കായി സാമ്പത്തിക പാക്കേജ് വേണം: എകെപിഡിഎ
1515841
Thursday, February 20, 2025 1:45 AM IST
കണ്ണൂർ: പെയിന്റ് വ്യാപാരികളെ സംരക്ഷിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓൾ കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ(എകെപിഡിഎ). കേരളത്തിൽ പ്രതിവർഷം ഏഴു മുതൽ 10 ലക്ഷം വരെ സെസ് നല്കുന്ന പെയിന്റ് വ്യാപാരികൾ ഉണ്ടെങ്കിലും അവരുടെ ഉന്നമനത്തിനായി സർക്കാർ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് എകെപിഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഗോഡൗൺ നിർമിക്കാൻ ഏക്കർ കണക്കിന് സ്ഥലങ്ങളാണ് എറണാകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓൺലൈൻ വ്യാപാരികൾ വാങ്ങിക്കൂട്ടുന്നത്. ഇത് എല്ലാ ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരത്തെ തകർക്കും. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം. കെട്ടിട വാടകയ്ക്ക് മുകളിൽ ചുമത്തിയ ജിഎസ്ടി ഓഴിവാ ക്കണമെന്നും നേതാക്കൾ പറഞ്ഞു.
കണ്ണൂർ പുതിയതെരുവിൽ ഷോർട്ട് സർക്യൂട്ട് മൂലം കത്തിനശിച്ച എസ്എസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ സംഘടന അംഗങ്ങളിൽനിന്നും ശേഖരിച്ച തുകയുടെ ആദ്യഗഡുവായ 1.87 ലക്ഷം രൂപ ഇന്നലെ കൈമാറി. പുതിയതെരു വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എംഎൽഎയാണ് തുക കൈമാറിയതെന്ന് നതാക്കൾ പറഞ്ഞു.
ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാൽ എസ്എസ് ട്രേഡേഴ്സിനെ പഴയ രൂപത്തിൽ തിരിച്ചു കൊണ്ടുവരുവാനുള്ള എല്ലാ ശ്രമവും സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സ്മിത്ത് പാലപ്പുറം, എ.വി. ജിതേഷ്, എസ്.കെ.പി. അബ്ദുൾ ഖാദർ, ഒ.വി. ബഷീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.