ബോധവത്കരണവുമായി ലയൺസ്; ജില്ലാതല ഉദ്ഘാടനം ഇന്ന്
1515244
Tuesday, February 18, 2025 2:16 AM IST
കണ്ണൂർ: കുട്ടികളിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണത്തിൽ ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ലയൺസ് ഇൻറർനാഷണൽ 318 ഇ. ഇതിന്റെ ഭാഗമായി ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ് സ്കൂളുകളിൽ സ്ഥാപിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളി ൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിക്കുമെന്ന് ലയൺസ് ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലയൺസ് ആരംഭിച്ചു. കൗമാരക്കാരായ സ്കൂൾ കുട്ടികളിൽ പോലും പ്രമേഹം കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകുന്നതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ലയൺസ് ഭാരവാഹികളായ കെ.കെ. ശെൽവരാജ്, ഷാജി ജോസഫ്, എം. വിനോദ് കുമാർ, വിനോദ് ഭട്ടതിരിപ്പാട്, കെ.പി.ടി ജലീൽ എന്നിവർ പങ്കെടുത്തു.