ജെ.ബി.കോശി കമ്മീഷൻ ശിപാർശ തുടർനടപടികളിൽ പുരോഗതിയെന്ന സർക്കാർ വാദം പൊള്ളത്തരം: കത്തോലിക്ക കോൺഗ്രസ്
1516184
Friday, February 21, 2025 1:55 AM IST
തലശേരി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ തുടർനടപടികളിൽ പുരോഗതിയെന്ന സർക്കാർ വാദം തികച്ചും നിരുത്തരവാദപരവും പൊള്ളയുമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലുള്ള ഏതു ശിപാർശയാണ് നടപ്പിലാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം.
വ്യത്യസ്ത തുറകളിൽ വിവിധ തലങ്ങളിൽ നൽകേണ്ട ആനുകൂല്യങ്ങൾ അനുസരിച്ച് റിപ്പോർട്ടിൽ പരാമർശം ഉണ്ടെങ്കിലും നാളിതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. സംസ്ഥാന ബജറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നൽകിവന്ന സ്കോളർഷിപ്പുകൾ പോലും നിർത്തലാക്കുകയും മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
നികുതി വർധന കർഷകന് മറ്റൊരു തിരിച്ചടിയാണ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിനും വില സ്ഥിരതയ്ക്കും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഭൂനികുതി വർധനവും മറ്റ് ഇതര നികുതി വർധനയും അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി.
തെറ്റായ തീരുമാനങ്ങൾ തിരുത്തി കർഷകർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ടോണി ജോസഫ്, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, പീയൂസ് പറേടം, ഷീജ സെബാസ്റ്റ്യൻ, ഷിനോ പാറയ്ക്കൽ, ടോമി കണയാങ്കൽ, ഐ.സി.മേരി, ബെന്നിച്ചൻ മഠത്തിനകം തുടങ്ങിയവർ പ്രസംഗിച്ചു.